Latest News

ദേവകി വധം; ക്രൈംബ്രാഞ്ച് അന്വേഷണം വഴിത്തിരിവില്‍

ബേക്കല്‍: പനയാല്‍ കാട്ടിയടുക്കത്തെ ദേവകിയുടെ കൊലപാതകി ക്രൈംബ്രാഞ്ചിന്റെ വലയിലായതായി സൂചന. ദേവകിയുടെ വീടിന്റെ പരിസരത്തുള്ളവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്.[www.malabarflash.com] 

ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തിന് സമാന്തരമായി തന്നെയാണ് ക്രൈംബ്രാഞ്ചും നീങ്ങിയതെങ്കിലും നേരത്തേ പോലീസ് ചോദ്യം ചെയ്ത ചിലരില്‍ നിന്നും ലഭിച്ച മൊഴിയാണ് അന്വേഷണത്തെ വഴിത്തിരിവിലെത്തിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത ഏതാനും ചിലര്‍ ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് കൊലപാതകവുമായി ബന്ധപ്പെട്ടുള്ള തെളിവുകള്‍ കൂടി ലഭിക്കുന്നതോടെ അറസ്റ്റ് രേഖപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച് ഉള്ളത്.
ദേവകിയുമായി രക്തബന്ധത്തിലും, ഉറ്റ ബന്ധത്തിലും പെട്ടവരെ കേന്ദ്രീകരിച്ചായിരുന്നു ലോക്കല്‍ പോലീസ് അന്വേഷണം നടത്തിയിരുന്നതെങ്കില്‍ അതില്‍ നിന്നും വ്യത്യസ്ഥമായിട്ടാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് നീങ്ങുന്നത്. നാട്ടുകാരേയും സമീപ വാസികളേയും കേന്ദ്രീകരിച്ചാണ് പുതിയ അന്വേഷണം. അതേ സമയം ദേവകിയുടെ ബന്ധുവായ യുവതിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
കാട്ടിയടുക്കത്തും പരിസരത്തും മുമ്പ് താമിച്ചിരുന്നതും എന്നാല്‍ ഇപ്പോള്‍ നാട്ടിലില്ലാത്തവരെയും കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഏതാണ്ട് പൂര്‍ത്തിയായ സാഹചര്യത്തിലാണ് പുതിയ അന്വേഷണ പാത ക്രൈംബ്രാഞ്ച് തെരെഞ്ഞെടുത്തിരിക്കുന്നത്. ദേവകയുടെ മരണത്തിനു ശേഷം ചിലരില്‍ വന്നു ചേര്‍ന്ന സ്വഭാവ മാറ്റങ്ങള്‍ ക്രൈംബ്രാഞ്ച് നിരീക്ഷിച്ചു വരുന്നുണ്ട്. ഇവരെ ശാസ്ത്രീയമായ പരിശോധനക്കും തെളിവെടുപ്പിനും വിധേയമാക്കും.
ദേവകിയുടെ വീടു പരിസരത്ത് താമസിക്കുന്നതും, എന്നാല്‍ നാട്ടിലെ പ്രമുഖരുമായി അനാശ്യാസ ബന്ധമുള്ളവരുടെ വീടുകള്‍ ദിവസങ്ങളായി ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്. ഇത്തരം വീടുകളുമായി ഇടപെടുന്ന ചിലരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്.
അതേ സമയം വര്‍ഷങ്ങളോളം സിപിഎം കാട്ടിയടുക്കം ബ്രാഞ്ച് സെക്രട്ടറിയും ഇപ്പോള്‍ പനയാല്‍ സര്‍വ്വീസ് ബാങ്ക് ജീവനക്കാരനുമായ മോഹന്‍ കാട്ടിയടുക്കത്തിന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് പാതിരാത്രിയില്‍ പെട്രോളൊഴിച്ചു തീവെച്ച് നശിപ്പിച്ചതും ഇതിന്റെ പേരില്‍ ഏതാനും ബിജെപി പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തതും എന്നാല്‍ ഈ കേസ് അന്ന് പോലീസ് വേണ്ടത്ര ഗൗരവത്തിലെടുക്കാത്തതും ക്രൈംബ്രാഞ്ച് നിരീക്ഷിക്കുന്നുണ്ട്.
അന്ന് മോഹനന്റെ ബൈക്ക് കത്തിച്ചത് സ്വന്തം പാര്‍ട്ടിയില്‍ പെട്ടവര്‍ തന്നെയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് ഇത് ശരിവെക്കുന്ന തരത്തിലുള്ള സൂചനയും നാട്ടുകാര്‍ക്ക് ലഭിച്ചിരുന്നു. അന്ന് ബൈക്ക് കത്തിച്ചതില്‍ ഏറെ ദുരൂഹതകളുണ്ടായിരുന്നു. അതിലെ ദുരൂഹതകള്‍ കണ്ടെത്താനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം. ഇത് കണ്ടെത്താനായാല്‍ ദേവകി വധക്കേസിലും നിര്‍ണ്ണായക തെളിവുകള്‍ ലഭിക്കും. 

അന്ന് കത്തിച്ച ബൈക്കിന് പകരം മോഹനന് പാര്‍ട്ടിയുടെ സഹായത്തോടെ പുതിയ ബൈക്ക് വാങ്ങിക്കൊടുക്കുകയും കത്തിയ വീട് അറ്റകുറ്റ പണിയെടുത്ത് നല്‍കി പ്രശ്‌നം ഒതുക്കിത്തീര്‍ക്കുകയുമായിരുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് ചെമ്മനാട് സ്വദേശിയായ ഒരാള്‍ ഈ പ്രദേശത്തു വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതും തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കാണപ്പെട്ട സംഭവം കൊലപാതകമാണെന്ന ആരോപണവും തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍ ദേവകിയുടെ കൊലയും തെളിയിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിലാണ് കൃത്യം നടത്തിയതെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്.
ആസൂത്രിതമല്ലാതെ ആകസ്മികമായാണ് ദേവകി കൊല്ലപ്പെട്ടതെന്നാണ് ക്രൈംബ്രാഞ്ചിന്റെ അനുമാനം. രാത്രി ഒരുമണിക്കാണ് കൊല നടന്നതെന്നതിനാല്‍ ഏന്തോ അസ്വാഭാവികമായ സംഭവം ദേവകി കണ്ടതിനാല്‍ സത്യം പുറത്തു വരുമെന്ന ഭയത്താല്‍ നടത്തിയ കൊലയാണിതെന്നും ക്രൈംബ്രാഞ്ച് കരുതുന്നു. 

കൊല നടന്ന ദിവസം പോലീസ് നായ ദേവകിയുടെ വീട്ടുപരിസരം വിട്ടു പോയില്ലാ എന്നതും ഈ അനുമാനത്തിന് സ്ഥിരത വരുത്തുന്നു. അതേ സമയംതന്നെ കൊലപാതകിക്ക് ആവശ്യമായ സംരക്ഷണം ചില സ്ഥലങ്ങളില്‍ നിന്നും രഹസ്യമായി ലഭിക്കുന്നുണ്ടെന്നും സൂചനയുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.