Latest News

മൃതദേഹം നാട്ടിലേക്കയക്കാന്‍ കഴിഞ്ഞില്ല; ബഹ്‌റൈനില്‍ മരിച്ച മലയാളിയെ ഹിന്ദു ആചാരപ്രകാരം അധികൃതര്‍ സംസ്‌കരിച്ചു

മനാമ: ബഹ്‌റൈനില്‍ കഴിഞ്ഞ ഞായറാഴ്ച മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലേക്കയക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബഹ്‌റൈനില്‍ തന്നെ സംസ്‌കരിച്ചു.[www.malabarflash.com]

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സന്തോഷ് കുമാറിന്റെ(53) മൃതദേഹമാണ് കഴിഞ്ഞ ദിവസം ഹിന്ദു ആചാര പ്രകാരം മനാമ ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തില്‍ ഇവിടെ ദഹിപ്പിച്ചത്.

കഴിഞ്ഞ 28 വര്‍ഷമായി ബഹ്‌റൈന്‍ പ്രവാസിയായ സന്തോഷ് കുമാര്‍, ഇവിടെ ഈസാടൗണിലെ ജിദ്അലിയില്‍ അല്‍ഹസ എന്ന പേരിലുള്ള ഓട്ടോഗ്യാരേജ് നടത്തിവരികയായിരുന്നു.

മുതിര്‍ന്ന രണ്ടു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തോടൊപ്പമാണ് സന്തോഷ് ഇവിടെ താമസിച്ചിരുന്നത്. ഇതിനിടെ ഭാര്യ വിമലാദേവി നാട്ടിലേക്ക് മടങ്ങിയിരുന്നു. ബഹ്‌റൈനിലെ ബിസിനസ്സുകാരായ രണ്ടു മക്കളും പിതാവില്‍ നിന്നും അകന്നായിരുന്നു ജീവിച്ചിരുന്നതെന്ന് ഇവിടെയുള്ള ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍  പറഞ്ഞു. ഇക്കാരണത്താല്‍ സന്തോഷിന്റെ മരണം പുറത്തറിയാനും ഏറെ വൈകിയിരുന്നു.

ജോലി സ്ഥലത്ത് എത്താത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മുറി അകത്തു നിന്നും പൂട്ടി മരിച്ചു കിടക്കുന്ന നിലയില്‍ സന്തോഷ്‌കുമാറിനെ കണ്ടെത്തിയത്. കടുത്ത ചൂടില്‍ എ.സി പോലുമില്ലാത്ത റൂമിലാണ് സന്തോഷ്‌കുമാര്‍ താമസിച്ചിരുന്നത് എന്നതിനാല്‍ മൃതദേഹം കണ്ടെത്തി അധികൃതരുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോഴേക്കും അഴുകിയിരുന്ന മൃതദേഹത്തില്‍ നിന്നും ശക്തമായ ദുര്‍ഗന്ധവും വമിച്ചിരുന്നു.

ഈ കാരണത്താലാണ് മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ കഴിയാതെ എയര്‍പോര്‍ട്ടില്‍ നിന്നും മടക്കിയത്. തുടര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകരുടെ പരിശ്രമത്തെ തുടര്‍ന്ന് മൃതദേഹം ഹിന്ദു ആചാര പ്രകാരം ബഹ്‌റൈനില്‍ തന്നെ ദഹിപ്പിക്കാന്‍ അധികൃതര്‍ മനാമ ക്ഷേത്രഭാരവാഹികളെ ഏല്‍പ്പിക്കുകയായിരുന്നു.
ഇതിനിടെ അഛന്റെ അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മക്കളായ സുമേഷും സുമിതും ക്ഷേത്രത്തിലെത്തി. ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആര്‍.എഫ്), സന്നദ്ധ സേവകരായ എം.കെ.സിറാജുദ്ധീന്‍, സുബൈര്‍ കണ്ണൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നിരവധി പ്രവാസിമലയാളികളും ചടങ്ങില്‍ പങ്കെടുത്തു.
പെരുവഴിയന്പലം (1977), സ്വാമി അയ്യപ്പന്‍ (1975) തുടങ്ങിയ ഇന്ത്യന്‍ സിനിമകളില്‍ സന്തോഷ്‌കുമാര്‍ അഭിനയിച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.