കാസര്‍കോട്: സംസ്ഥാന യുവജനകമ്മീഷന്‍ ജില്ലാതലത്തില്‍ സംഘടിപ്പിച്ച അദാലത്തില്‍ വിവിധ മേഖലകളില്‍ യുവജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് നിവേദനങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിച്ചു. [www.malabarflash.com]
യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം, അംഗം കെ മണികണ്ഠന്‍ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി. സിറ്റിംഗില്‍ 15 പരാതികള്‍ ലഭിച്ചു. മൂന്നെണ്ണം തീര്‍പ്പ് കല്പിച്ചു.ജില്ലയിലെ ഭിന്നലിംഗക്കാര്‍ നേരിടുന്ന പൊതുവായ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ക്ഷേമ ജില്ലാ സെക്രട്ടറി ഇഷ കിഷോര്‍ പരാതി സമര്‍പ്പിച്ചു.
രോഗിയായ മകനെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയിലുള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് നഗരസഭയിലെ അത്തിക്കോത്ത് സ്വദേശിയായ രാജന്‍-പാര്‍വ്വതി ദമ്പതികള്‍ കമ്മീഷനു മുന്നില്‍ പരാതിയുമായെത്തി. ജന്മനാ കിടപ്പിലായ മൂന്നു വയസ്സുളള മകന്‍ ശ്രീരാജുമായാണ് പരാതി നല്‍കാനെത്തിയത്.
സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം നേരിടുന്നതായും പി എസ് സി റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക് നിയമനം വൈകുന്നതായും കമ്മീഷന് പരാതി ലഭിച്ചു. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയില്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് ഒരു വര്‍ഷത്തോളമായി നിയമനം നടത്തിയില്ലെന്നാണ് പരാതി.
ജില്ലയില്‍ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് മികച്ച തൊഴില്‍ സംരംഭങ്ങളോ ഫാക്ടറികളോ ഇല്ലെന്നും തൊഴലില്ലായ്മ യുവാക്കളുള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതായും ബദിയടുക്കയിലെ ആസിഫ് അലി നല്‍കിയ നിവേദനത്തില്‍ പറഞ്ഞു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കാസര്‍കോട് നഗരത്തിലെ അടച്ചുപൂട്ടിയ അസ്ട്രാള്‍ വാച്ച് കമ്പനിയുടെ സ്ഥലം വ്യവസായ സംരംഭങ്ങളും തൊഴില്‍ പരിശീലന കേന്ദ്രങ്ങളും ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
റവന്യൂ, പോലീസ് വകുപ്പുകളുമായി ബന്ധപ്പെട്ട വിവിധ പരാതികളും കമ്മീഷന് ലഭിച്ചു. ഈ വര്‍ഷം ഒരിക്കല്‍കൂടി ജില്ലയില്‍ അദാലത്ത് സംഘടിപ്പിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം പറഞ്ഞു. 14 ജില്ലകളിലും അദാലത്ത് നടത്തുന്നതിന്റെ ഭാഗമായാണ് നാലാമതായി കാസര്‍കോട് ജില്ലയില്‍ അദാലത്ത് നടത്തിയത്. മൂന്ന് പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു. 15 പുതിയ പരാതികള്‍ ലഭിച്ചു.
No comments:
Post a Comment