Latest News

കൊടിഞ്ഞി ഫൈസലിന്റെ പിതാവും ഇസ്ലാം സ്വീകരിച്ചു

മലപ്പുറം: ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിൽ ആർഎസ്എസ്സുകാർ വെട്ടിക്കൊലപ്പെടുത്തിയ മലപ്പുറം കൊടിഞ്ഞിയിലെ ഫൈസലിന്റെ പിതാവും ഇസ്ലാം സ്വീകരിച്ചു. കഴിഞ്ഞമാസമാണ് ഫൈസലിന്റെ പിതാവ് കൃഷ്ണൻ നായർ ഇസ്ലാം ആശ്ലേഷിച്ചത്. ഇദ്ദേഹമിപ്പോൾ മതപഠനം നടത്തിവരികയാണ്.[www.malabarflash.com] 

ഫൈസൽ കൊല്ലപ്പെട്ടതിനു ശേഷം മാതാവ് മീനാക്ഷിയും ഇസ്ലാം സ്വീകരിച്ചിരുന്നു. തുടർന്ന് രണ്ടുമാസം മുമ്പ് രണ്ട് സഹോദരിമാരും ഇവരിൽ ഒരാളുടെ ഭർത്താവും അഞ്ചുമക്കളും മുസ്ലിമായിരുന്നു.

ഫൈസല്‍ ആരേയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്ന് മാതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഫൈസലിന്റേയും കുടുംബത്തിന്റേയും മതംമാറ്റത്തെ തുടര്‍ന്ന് സംഘപരിവാര്‍ ഭീഷണി ഉണ്ടായിരുന്നതായും അവര്‍ വെളിപ്പെടുത്തിയിരുന്നു. പിന്നീടാണ് അവർ ഇസ്ലാം സ്വീകരിച്ചത്.

ഇതിനു പിന്നാലെയാണ് ഇപ്പോൾ ഫൈസലിന്റെ പിതാവും ഇസ്ലാം സ്വീകരിച്ചത്. മാതാവും സഹോദരിമാരും മറ്റുള്ളവരും ഇപ്പോൾ മഞ്ചേരിയിലെ മർക്കസുൽ ഹിദായയിൽ മതപഠനത്തിലാണ്. ഫൈസലിന്റെ ഭാര്യയും മക്കളും നേരത്തെതന്നെ ഇസ്ലാം സ്വീകരിച്ചിരുന്നു.

2015-ല്‍ സൗദിയില്‍ വച്ചാണ് ഫൈസൽ ഇസ്ലാം സ്വീകരിച്ചത്. റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെയായിരുന്നു ഇത്. ഫൈസല്‍ പിന്നീട് നാട്ടിലെത്തി ഭാര്യയേയും മൂന്നു കുട്ടികളേയും ഇസ്ലാമിലേക്കു കൊണ്ടുവരികയായിരുന്നു.

അവധി കഴിഞ്ഞ് സൗദിയിലെ ജോലിസ്ഥലത്തേക്ക് തിരിച്ചുപോകുന്നതിനു തൊട്ടുമുമ്പത്തെ ദിവസമാണ് ഫൈസലിനെ ആർഎസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. 

തിരൂരിലെ ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹകും 1998-ലെ യാസര്‍ വധക്കേസിലെ മുഖ്യപ്രതിയുമായിരുന്ന മഠത്തില്‍ നാരായണന്‍ ഉള്‍പ്പെടെ 15 ആര്‍എസ്എസ്, വിഎച്ച്പി, ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഫൈസലിന്റെ മറ്റൊരു സഹോദരീ ഭർത്താവ് വിനോദും ഉൾപ്പെടുന്നു. ഇവരെ എല്ലാവരേയും പിന്നീട് ഉപാധികളോടെ ജാമ്യത്തില്‍ വിട്ടിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.