Latest News

കാറും ലോറിയും കൂട്ടിയിടിച്ച് പോലീസ് അസി. കമ്മിഷണറുടെ ഭാര്യ മരിച്ചു

ചാലക്കുടി: തൃശ്ശൂര്‍ സിറ്റിപോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് അസിസ്റ്റന്റ് കമ്മിഷണറുടെ ഭാര്യ മരിച്ചു. എ.സി.പി., പുതുക്കാട് കാഞ്ഞൂര്‍ തണ്ടാശ്ശേരി സിനോജിന്റെ ഭാര്യ സംഗീത (38)ആണ് മരിച്ചത്.[www.malabarflash.com] 

സിനോജ് (45), അച്ഛന്‍ ശിവരാമന്‍ (74), അമ്മ ശാന്തകുമാരി (69) എന്നിവര്‍ക്ക് പരിക്കേറ്റു.

ശനിയാഴ്ച രാത്രി 8.40ന് ദേശീയപാതയില്‍ മുരിങ്ങൂര്‍ കോട്ടമുറിയില്‍ കാര്‍, ലോറിയുടെ പിറകിലിടിച്ചാണ് അപകടമുണ്ടായത്. ചേര്‍ത്തലയില്‍ ബന്ധുവിന്റെ വിവാഹനിശ്ചയച്ചടങ്ങില്‍ പങ്കെടുത്ത് പുതുക്കാട്ടുള്ള വീട്ടിലേക്ക് വരികയായിരുന്നു കുടുംബം. എ.സി.പി.യാണ് കാറോടിച്ചിരുന്നത്.

തൃശ്ശൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ലോറിയെ മറികടക്കുന്നതിനിടെ അതിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട ലോറി മീഡിയനില്‍ ഇടിച്ചു പെട്ടെന്നു നിന്നു. പിന്നാലെ വരികയായിരുന്ന കാര്‍ ലോറിയുടെ പിന്നില്‍ ഇടിച്ചായിരുന്നു അപകടം.

സംഭവം നടന്നയുടന്‍ കാറിലുള്ളവരെ ചാലക്കുടിയിലെ സ്വകാര്യാസ്​പത്രിയിലെത്തിച്ചെങ്കിലും സംഗീത മരിച്ചിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.

ഇരിങ്ങാലക്കുട, കാറളം സ്വദേശിനിയാണ് സംഗീത. പൂച്ചട്ടി ഭാരതീയ വിദ്യാഭവനിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥ രാഹുല്‍ ഏകമകനാണ്.


കൊരട്ടി, ചാലക്കുടി പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. തൃശ്ശൂര്‍ എ.സി.പി. പി. വാഹിദ്, ചാലക്കുടി ഡിവൈ.എസ്.പി. ഷാഹുല്‍ ഹമീദ്, ചാലക്കുടി എസ്.ഐ. ജയേഷ് ബാലന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു. ബി.ഡി. ദേവസ്സി എം.എല്‍.എ. ആസ്​പത്രിയിലെത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.