Latest News

സൗദിയിൽ വോയ്സ്, വിഡിയോ കോൾ ആപ്പുകളുടെ നിരോധനം നീക്കുന്നു

റിയാദ്: സൗദിയിൽ വോയ്‌സ്, വിഡിയോ കോൾ ആപ്ലിക്കേഷനുകൾ നിരോധിച്ച നടപടി എടുത്തുകളയുന്നതിന് വാർത്താ–വിവരസാങ്കേതിക മന്ത്രി അബ്ദുല്ല അൽസവാഹ നിർദേശം നൽകി.[www.malabarflash.com] 

വ്യവസ്ഥകൾ പൂർണമായ ആപ്ലിക്കേഷനുകൾ തടസ്സപ്പെടുത്തിയ നടപടി ഇൗ മാസം 20 മുതൽ എടുത്തുകളയാനാണ് മന്ത്രിയുടെ നിർദേശം. ഇത് ഇന്ത്യക്കാരടക്കമുള്ള പ്രവാസികൾക്ക് ഏറെ ഗുണം ചെയ്യും.

ഇന്റർനെറ്റ് വഴി വോയ്‌സ്, വിഡിയോ കോൾ സേവനം ലഭ്യമാക്കുന്ന ആപ്പുകൾ പ്രയോജനപ്പെടുത്തുന്നതിന് ഉപയോക്താക്കളെ അനുവദിക്കുന്നതിന് ടെലികോം കമ്പനികളുമായും കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷനുമായും (സിഐടിസി) ഏകോപനം നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.

വ്യവസ്ഥകൾ പൂർണമായ ആപ്പുകൾ ഉപയോഗിച്ച് വോയ്‌സ്, വിഡിയോ കോളുകൾ നടത്തുന്നതിന് മുഴുവൻ ഉപയോക്താക്കളെയും അനുവദിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് ടെലികോം കമ്പനികളും സിഐടിസിയും അറിയിച്ചിട്ടുണ്ട്. പുതിയ നിർദേശങ്ങൾക്ക് അനുസൃതമായി സാങ്കേതികവിദ്യകൾ സജ്ജീകരിച്ച ടെലികോം കമ്പനികൾക്കും സിഐടിസിക്കും വകുപ്പ് മന്ത്രി നന്ദി പറഞ്ഞു.

ഫെയർ യൂസേജ് പോളിസി സുതാര്യത പാലിക്കുന്നതിന് ടെലികോം കമ്പനികളെ നിർബന്ധിക്കൽ, ഉപയോക്താക്കളിൽ നിന്നുള്ള പരാതികളുടെ അടിസ്ഥാനത്തിൽ ടെലികോം കമ്പനികളെ തരംതിരിക്കുന്ന സൂചിക ആരംഭിക്കൽ, ടെലികോം കമ്പനികൾ ഉപഭോക്തൃ സംരക്ഷണ ചാർട്ടർ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തൽ തുടങ്ങി ടെലികോം മേഖലയിൽ സുതാര്യതാ നിലവാരം ഉയർത്തുന്നതിന് ഏതാനും പദ്ധതികൾ അടുത്ത കാലത്ത് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് പുതിയ പദ്ധതി.

വിഷൻ 2030 പദ്ധതിക്ക് ലക്ഷ്യങ്ങൾക്ക് അനുസൃതമായി ടെലികോം മേഖലയുടെ വികസനത്തിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും നിരവധി പദ്ധതികൾ വൈകാതെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.