Latest News

30 കോടി രൂപ കുടിശ്ശിക; കെ.എസ്.ടി.പി. റോഡുപണി നിര്‍ത്തി

കാഞ്ഞങ്ങാട്: നിര്‍മാണപ്രവൃത്തിയുടെ അന്തിമഘട്ടത്തിലെത്തി നില്‍ക്കെ, കണ്ണൂര്‍-കാസര്‍കോട് ജില്ലയിലെ കെ.എസ്.ടി.പി. റോഡ് പണി നിര്‍ത്തി. രണ്ടു ജില്ലയിലേതുംകൂടി 30 കോടി രൂപ കുടിശ്ശികത്തുക കിട്ടാനുണ്ടെന്നാണ് കാരണമായി കരാറുകാര്‍ പറയുന്നത്.

കഴിഞ്ഞ അഞ്ചുമാസത്തെ ബില്‍ കുടിശ്ശിക 19 കോടിയുണ്ട്. കഴിഞ്ഞകാലങ്ങളില്‍ നല്‍കിയ ബില്‍ത്തുകയില്‍ നിശ്ചിത ശതമാനം തുക മാറ്റിവെച്ചാണ് വിതരണംചെയ്തിരുന്നത്. അത്തരത്തില്‍ മാറ്റിവെച്ച കണക്കില്‍ 11 കോടി രൂപയും കിട്ടാനുണ്ടെന്ന് കരാറുകാര്‍ പറഞ്ഞു.

കാസര്‍കോട് ജില്ലയില്‍ കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ 27.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലും കണ്ണൂര്‍ ജില്ലയില്‍ പിലാത്തറ-പാപ്പിനിശ്ശേരി റൂട്ടില്‍ 20.9 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുമാണ് കെ.എസ്.ടി.പി. പ്രവൃത്തി നടക്കുന്നത്.

കാസര്‍കോട്ടെ പ്രവൃത്തിയില്‍ ഇനി കാഞ്ഞങ്ങാട് പട്ടണത്തിലെ രണ്ടു കിലോമീറ്റര്‍ റോഡ് മാത്രമാണ് ബാക്കി. പിലാത്തറ-പാപ്പിനിശ്ശേരി റൂട്ടില്‍ രാമപുരം പാലത്തിന്റെ പണിയും പാപ്പിനിശ്ശേരി റെയില്‍വേ മേല്‍പ്പാലത്തിന്റെ അടിപ്പാതയും പൂര്‍ത്തിയാക്കാനുണ്ട്.

ഇവിടെ ദേശീയപാതയോട് ചേരുന്ന ഭാഗത്ത് 600 മീറ്റര്‍ റോഡ് പണിയും ബാക്കിയാണ്. ഏതാനും മാസങ്ങള്‍ കൂടി പണി തുടര്‍ന്നാല്‍ കെ.എസ്.ടി.പി. റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിക്കാനാകുമെന്ന ഘട്ടത്തിലാണ് ഫണ്ട് നിലച്ചത്. 

കാസര്‍കോട് പ്രസ് ക്ലബ്ബ് ജങ്ഷന്‍ മുതല്‍ കാഞ്ഞങ്ങാട് സൗത്ത് വരേയുള്ള റോഡ് പണിക്ക് 133 കോടി രൂപയാണ് അടങ്കല്‍. പാപ്പിനിശ്ശേരിയിലേത് 114 കോടി രൂപയാണ്. 

രണ്ടിടത്തും കൂടി എട്ട് ഉപ കരാറുകാരും 350 തൊഴിലാളികളുമുണ്ട്. ഫണ്ട് നിലച്ചതോടെ തൊഴിലാളി ക്യാമ്പുകള്‍ പട്ടിണിയിലായി. ഓണത്തിന് കൂലികൊടുക്കാന്‍പോലും കഴിയാത്ത സാഹചര്യമാണെന്നും അതിനാലാണ് പണി നിര്‍ത്തിവച്ചതെന്നും കരാറുകാര്‍ പറഞ്ഞു. 

നിര്‍മാണത്തിനുള്ള യന്ത്രസമാഗ്രികള്‍ റോഡിലെ പണിയിടങ്ങളില്‍നിന്ന് മാറ്റി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.