Latest News

തിരൂർ ബിബിൻ വധക്കേസ്: രണ്ടു പേർ അറസ്റ്റിൽ

തിരൂർ: ബിബിൻ വധക്കേസിൽ രണ്ടു പേർ അറസ്റ്റിൽ. പറവണ്ണ കാഞ്ഞിരകുറ്റി തലേക്കരവീട്ടിൽ തുഫൈൽ (32), ചമ്രവട്ടം പെരുന്തല്ലൂർ ആലുക്കൽ മുഹമ്മദ് അൻവർ (39) എന്നിവരാണ് അറസ്റ്റിലായത്.[www.malabarflash.com]

കൊടിഞ്ഞി ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ ആലത്തിയൂർ കുണ്ടിൽ ബിബിൻ കഴിഞ്ഞ മാസം 24ന് ആണ് ബിപി അങ്ങാടിയിൽ കൊലപ്പെട്ടത്. സംഭവം നടന്ന രാത്രി മൂന്നുപേരെ പോലീസ് സംശയാസ്പദമായി കസ്റ്റഡിയിൽ എടുത്തിരുന്നു. ഒരാഴ്ച നീണ്ട ചോദ്യംചെയ്യലിനെ തുടർന്ന് വെളളിയാഴ്ച രാത്രിയാണ് തിരൂർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഫൈസൽ വധക്കേസിൽ ബിബിൻ ‌ഉൾപ്പെടെയുള്ള പ്രതികൾ ജാമ്യത്തിൽ ഇറങ്ങുന്നതിനു മുൻപുതന്നെ കൃ‌ത്യം നടത്താൻ തീരുമാനിച്ചതായി രണ്ടുപേരും മൊഴി നൽകി. ഇതിനായി പൊന്നാനി, കുറ്റിപ്പുറം, എടപ്പാൾ, നരിപ്പറമ്പ് എന്നിവിടങ്ങളിൽ ഗൂഢാലോചന നടത്തിയെന്നും പലവട്ടം ബിബിനെ കൊലപ്പെടുത്താൻ ശ്രമം നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായെന്നും പോലീസ് അറിയിച്ചു. അറസ്റ്റിലായവർ എസ്ഡിപിഐ പ്രവർത്തകരാണെന്നും പോലീസ് പറഞ്ഞു.

കൊലപാതകം ‌സംബന്ധിച്ച് ഗൂഢാലോചന നടത്തിയതിനാണ് ഇരുവരും അറസ്റ്റിലായത്. സംഭവത്തിൽ പങ്കുണ്ടെന്നു സംശയിച്ച് എഴുപതോളംപേരെ ചോദ്യം ചെയ്തിരുന്നു. പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും. 

ഡിവൈഎസ്പിമാരായ എം.പി.മോഹനചന്ദ്രൻ, വി.എ.ഉ‌ല്ലാസ്, സിഐമാരായ എം.കെ.ഷാജി, സി.അലവി, തിരൂർ എസ്ഐ സുമേഷ് സുധാകരൻ എന്നിവരടങ്ങുന്ന സംഘമാണു പിടികൂടിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.