Latest News

ചെര്‍ക്കളയില്‍ യുവാവിനെ കല്ലിട്ടു കൊന്നത്‌ മയക്കുമരുന്ന്‌ കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ്‌

കാസര്‍കോട്: കര്‍ണ്ണാടക, ബാഗല്‍കോട്ടയിലെ ബൈരപ്പയുടെ മകന്‍ രംഗപ്പ(35)യെ ചെര്‍ക്കള, വി കെ പാറയില്‍ കല്ലിട്ടു വാരിയെല്ലുകള്‍ തകര്‍ത്ത്‌ കൊലപ്പെടുത്തിയത്‌ മയക്കുമരുന്നു കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ആള്‍.[www.malabarflash.com]

സംഭവത്തിനു ശേഷം ചെര്‍ക്കളയില്‍ നിന്നു മുങ്ങിയ ഇയാളെ കണ്ടെത്താന്‍ വിദ്യാനഗര്‍ സി ഐ ബാബുപെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം തെരച്ചില്‍ തുടങ്ങി. പ്രിന്‍സിപ്പല്‍ എസ്‌ ഐ കെ പി വിനോദ്‌, അഡീഷണല്‍ എസ്‌ ഐ രവീന്ദ്രന്‍ ചാത്തങ്കൈ, എ എസ്‌ ഐ രഘൂത്തമന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്‌. 

കഴിഞ്ഞ മാസം ഒന്‍പതിനു രാവിലെയാണ്‌ രംഗപ്പയെ വി കെ പാറയിലെ ആളൊഴിഞ്ഞ സ്ഥലത്ത്‌ മരണപ്പെട്ട നിലയില്‍ കാണപ്പെട്ടത്‌. കൊലപാതകമാണെന്നു ആദ്യമേ സംശയം ഉണ്ടായിരുന്നുവെങ്കിലും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. 

പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്‌ത ശേഷം ആന്തരികാവയവങ്ങള്‍ പോലീസ്‌ ലാബില്‍ പാത്തോളജി ടെസ്റ്റ്‌ നടത്തിയതോടെയാണ്‌ മരണകാരണം വാരിയെല്ലു തകര്‍ന്നതാണെന്നു കണ്ടെത്തിയത്‌. ശക്തിയില്‍ കല്ലിട്ടതു കൊണ്ടാണ്‌ വാരിയെല്ലുകള്‍ തകരാന്‍ ഇടയാക്കിയതെന്നും വ്യക്തമായി.
നേരത്തെ അസ്വാഭാവിക മരണത്തിനു രജിസ്റ്റര്‍ ചെയ്‌ത കേസ്‌ ഇപ്പോള്‍ കൊലപാതകമാക്കിയിട്ടുണ്ട്‌. മദ്യപാനത്തെ ചൊല്ലിയുള്ള പണമിടപാടിന്റെ പേരിലുള്ള തര്‍ക്കമാണ്‌ കൊലപാതകത്തില്‍ കലാശിച്ചതെന്നു സംശയിക്കുന്നു. കൊലപാതകം നടക്കുന്നതിനു മൂന്നു മാസം മുമ്പ്‌ തിരുവനന്തപുരത്തെ ജയിലില്‍ നിന്നു പുറത്തിറങ്ങിയ യുവാവുമായാണ്‌ രംഗപ്പയും തമ്മിലാണ്‌ തര്‍ക്കം ഉണ്ടായത്‌. ജയിലില്‍ നിന്നിറങ്ങിയ ശേഷം ചെര്‍ക്കളയിലെത്തിയ പ്രസ്‌തുത യുവാവും ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസം ആരംഭിക്കുകയും മദ്യവില്‍പ്പനയടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു വരികയുമായിരുന്നു.
രംഗപ്പ മരണപ്പെട്ട വിവരമറിഞ്ഞതോടെ ഇയാള്‍ ചെര്‍ക്കളയിലെ മുറിയില്‍ നിന്നു മുങ്ങിയിരുന്നു. ഇയാളെ കണ്ടെത്തിയാല്‍ മറ്റു ചില കവര്‍ച്ചാ കേസുകള്‍ക്കൂ കൂടി തുമ്പുണ്ടാക്കാനാകുമെന്നാണ്‌ പോലീസിന്റെ കണക്കുകൂട്ടല്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.