Latest News

'ജപ്പാനെ കടലിൽ മുക്കും': ഭീഷണിക്കു പിന്നാലെ മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ

സോള്‍: ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ വീണ്ടും മിസൈല്‍ പറത്തി. ജപ്പാനിലെ നാല് പ്രധാന ദ്വീപുകള്‍ അണുബോംബിട്ട് കടലില്‍ മുക്കുമെന്ന ഭീഷണിക്ക് പിന്നാലെ വെള്ളിയാഴ്ച രാവിലെയാണ് ഉത്തരകൊറിയ മിസൈല്‍ പറത്തിയത്. ഈമാസം ആദ്യം അവര്‍ ആണവ പരീക്ഷണവും നടത്തിയിരുന്നു.[www.malabarflash.com] 

ഉത്തര പ്യോങ്യാങിലെ സുനാന്‍ വ്യോമത്താവളത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന മിസൈല്‍ ജപ്പാനിലെ വടക്കന്‍ ദ്വീപായ ഹൊക്കൈഡോക്ക് മുകളിലൂടെ പറന്ന് പെസഫിക് സമുദ്രത്തില്‍ പതിച്ചു. 1200 മൈലുകള്‍ സഞ്ചരിക്കാന്‍ മിസൈല്‍ 17 മിനുട്ടെടുത്തു. വെളളിയാഴ്ച ഉത്തരകൊറിയന്‍ സമയം 6.30നായിരുന്നു മിസൈല്‍ പറത്തിയത്. കഴിഞ്ഞ മാസം 29നും സമാനരീതിയില്‍ ഹൊക്കൈഡോക്ക് മുകളിലൂടെ അവര്‍ മിസൈല്‍ പറത്തി പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.

മിസൈല്‍ പറന്നുയര്‍ന്ന ഉടന്‍ ജപ്പാനില്‍ ഉച്ചഭാഷിണിയിലൂടെയും എസ്.എം.എസ് വഴിയും ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങള്‍ തേടണമെന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

ഉത്തരകൊറിയ ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ നോക്കിയിരിക്കിക്കില്ലെന്ന് ജപ്പാന്‍ ക്യാബിനറ്റ് ചീഫ് സെക്രട്ടറി യോഷിഹിഡെ സുഗ പ്രതികരിച്ചു. എന്തു പ്രതിസന്ധിയും നേരിടാന്‍ സജ്ജമാവണമെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബേ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ മിസൈലിനെ പ്രതിരോധിക്കാന്‍ ജപ്പാന്‍ ശ്രമിച്ചില്ല.

സംഭവത്തേക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊളാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലിയും തമ്മില്‍ ചര്‍ച്ച നടത്തി.

ഉത്തരകൊറിയ മിസൈല്‍ പറത്തിയതിനേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. കഴിഞ്ഞ തവണ 3000 മൈല്‍ ശേഷിയുള്ള ഗ്വാസോങ് - 12 ആണ് ഉത്തരകൊറിയ പറത്തിയത്. ഉത്തരകൊറിയയില്‍ നിന്ന് അമേരിക്കയെ ആക്രമിക്കാന്‍ ശേഷിയുള്ള മിസൈലാണ് ഇത്. 1998 ലും 2009 ലും അവര്‍ മിസൈല്‍ പരീക്ഷിച്ചിരുന്നു. ഉപഗ്രഹ വിക്ഷേപണമാണ് ഇതെന്നാണ് അന്ന് അവര്‍ പറഞ്ഞിരുന്നത്.

ജപ്പാന്റെ നാല് ദ്വീപുകള്‍ മുക്കിക്കളയുമെന്ന് വ്യാഴാഴ്ചയാണ് ഉത്തരകൊറിയ ഭീഷണി മുഴക്കിയത്.

ഹിരോഷിമയില്‍ വര്‍ഷിച്ച അണുബോംബിന്റെ പത്തിരട്ടി പ്രഹരശേഷിയുള്ള (160 കിലോ ടണ്‍) ബോംബാണ് ഈ മാസം മൂന്നിന് ഉത്തരകൊറിയ പരീക്ഷിച്ചത്. ഇത് അവര്‍ക്കെതിരെ പുതിയ ഉപരോധം കൊണ്ടുവരാന്‍ കാരണമായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.