കാസര്‍കോട്: തലമുറകളുടെ വഴികാട്ടിയും സാംസ്‌കാരിക മുന്നേറ്റത്തിന്റെ ശില്‍പികളിലൊരാളുമായിരുന്നു സി.എച്ച് മുഹമ്മദ് കോയ സാഹിബെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.[www.malabarflash.com]
സി.എച്ച് ചരമദിനത്തോടനുബന്ധിച്ച് സംഘാടനത്തിലൂടെ ശാക്തീകരണം എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന യുവതി സംഗമം കാസര്‍കോട് മുനിസിപ്പല്‍ വനിതാഭവന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി വീറോടെ വാദിക്കുമ്പോഴും ഇതര ജനവിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും അര്‍ഹമായ മൂല്യം കല്‍പ്പിക്കാന്‍ സി.എച്ച് എന്ന ആ നല്ല ഭരണാധികാരിക്ക് കഴിഞ്ഞു. എല്ലാ വിഭാഗം ജനവിഭാഗങ്ങളുടെയും വികാരങ്ങള്‍ ഉള്‍ക്കൊണ്ട് കോര്‍പറേഷന്‍ കൗണ്‍സിലര്‍ മുതല്‍ മുഖ്യമന്ത്രി പദം വരെ വഹിച്ചപ്പോഴൊക്കെ ജനനന്മ കൈമുതലാക്കിയുള്ള നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചത്.
രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന നേതാവായിരുന്നു സി.എച്ച്. കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം എന്നും സി.എച്ചിനോട് കടപ്പെട്ടിരിക്കുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് വ്യക്തമായ ചിത്രം കാണിച്ചുകൊടുത്ത് അവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കി. പുതിയ യൂണിവേഴ്‌സിറ്റികള്‍ ആരംഭിച്ചും യൂണിവേഴ്‌സിറ്റി യൂണിയനുകള്‍ പുനര്‍ജ്ജീവിപ്പിച്ചും പിന്നോക്ക മേഖലകളില്‍ സ്‌കൂളുകളും കോളജുകളും സ്ഥാപിച്ചും വിദ്യാഭ്യാസ രംഗം പരിഷ്‌കരിച്ചു. സെനറ്റില്‍ വിദ്യാര്‍ത്ഥി പ്രാതിനിധ്യം കേരളത്തില്‍ ആദ്യമായി അനുവദിച്ചത് സി.എച്ചായിരുന്നു.
മലപ്പുറം ജില്ലയുടെ സംസ്‌കാരിക വളര്‍ച്ചക്കും ജില്ലയുടെ അത്ഭുതകരമായ പുരോഗതിക്കും പിന്നില്‍ സി.എച്ചിന്റെ കരസ്പര്‍ശം അവിസ്മരണീയമാണ്. മുസ്ലിം ലീഗിന് ജനകീയ മുഖം നല്‍കിയ സി.എച്ച്. വിദ്യാര്‍ത്ഥി ശബ്ദങ്ങളെ യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റെയും വൃത്തത്തിനകത്ത് ഉറപ്പിച്ചുനിര്‍ത്തിയ മാന്ത്രികനായിരുന്നു.
കക്ഷിരാഷ്ട്രീയത്തിനപ്പുറം എല്ലാവരെയും കാണാനും എല്ലാവരുമായും സംവദിക്കാനും മനസ് കാണിച്ച സി.എച്ചിന്റെ സ്മരണക്ക് മുന്നില്‍ ആദരാജ്ഞലി അറിയിക്കുന്നു.
യൂത്ത് ലീഗിന്റെ ഈ യുവതി സംഗമം മാതൃകാപരമായ തുടക്കമാണ്. ജനാധിപത്യപരമായ കെട്ടുറപ്പിനുള്ളില്‍ നിന്നു കൊണ്ടുള്ള ഈ മുന്നേറ്റത്തിന് വലിയമാറ്റം ഉണ്ടാക്കാന്‍ സാധിക്കും. ഇത് ഭാവിയിലേക്കുള്ള നേട്ടത്തിന്റെ ആരംഭമാകട്ടെയെന്നും ഉമ്മന്‍ ചാണ്ടി ആശംസിച്ചു.
ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു. വനിതാലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍ മുഖ്യപ്രഭാഷണം നടത്തി. മുസ് ലിം ലീഗ് ജില്ലാ ജനറല്‍ എം.സി ഖമറുദ്ദീന്‍ സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി.
No comments:
Post a Comment