Latest News

പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ്- സിപിഎം സംഘര്‍ഷം

പെരിയ: പുല്ലൂര്‍ - പെരിയ പഞ്ചായത്തില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം. പാര്‍ട്ടി ഓഫീസുകളും ക്ലബ്ബുകളും തകര്‍ത്തു.

സ്‌കൂള്‍ വികസനവുമായി ബന്ധപ്പെട്ട് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്റെ പേരില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചതിനെ തുടര്‍ന്നാണ് വ്യാപകമായ അക്രമം ഉടലെടുത്തത്. ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചതറിഞ്ഞ് രാത്രി 9.15ഓടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കല്യോട്ടെ യുവജനകലാ വാദ്യസംഘത്തിന്റെ ഓഫീസ് ഒരുസംഘം തകര്‍ത്തു. പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
ഇതിന്റെ പിന്നാലെ ഈ മാസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച സിപിഎം നിയന്ത്രണത്തിലുള്ള എകെജി സ്മാരക ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് നേരെ ആക്രമണമുണ്ടായി. വാതില്‍ തകര്‍ത്ത് അകത്തു കടന്ന് ഫര്‍ണിച്ചറുകള്‍, ഇലക്ട്രിക് സാധനങ്ങള്‍ എന്നിവ നശിപ്പിക്കുകയും ടൈല്‍സുകള്‍ കുത്തിയിളക്കുകയും കല്ലിട്ട് തകര്‍ക്കുകയും ചെയ്തു. എട്ടുലക്ഷത്തോളം രൂപ ചെലവിട്ട് നിര്‍മ്മിച്ച ക്ലബ്ബില്‍ മൂന്ന് ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങളാണ് വരുത്തിവെച്ചത്.
ഇതിന്റെ തുടര്‍ച്ചയായി കോണ്‍ഗ്രസിന്റെ പുല്ലൂര്‍ പെരിയ മണ്ഡലം കമ്മിറ്റി ഓഫീസ് തീയിട്ട് നശിപ്പിച്ചു. ഓഫീസിന്റെ ജനല്‍ ചില്ലുകളും മറ്റും അടിച്ചു തകര്‍ത്ത നിലയിലാണ്. ഓഫീസിനകത്തെ ഫര്‍ണിച്ചറുകളും മറ്റും നശിപ്പിച്ചിട്ടുണ്ട്. രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.
പെരിയ നെടുവോട്ട്പാറയില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിനു നേരെയും ആക്രമണം നടന്നു. ക്ലബിന്റെ ജനല്‍ ചില്ലുകളെല്ലാം തകര്‍ത്ത നിലയിലാണ്. ക്ലബിനു സമീപത്തെ പതാകയും കൊടിമരവും തോരണങ്ങളും നശിപ്പിച്ചു. മുത്തനടുക്കത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബസ് വെയ്റ്റിംഗ് ഷെല്‍ട്ടറും തകര്‍ത്തിട്ടുണ്ട്.
ആക്രമണങ്ങളെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലകളില്‍ ബേക്കല്‍ സിഐ വിശ്വംഭരന്‍, എസ്‌ഐമാരായ വിപിന്‍, രാജഗോപാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

അതേ സമയം ഇരുളിന്റെ മറവില്‍ ഒരേ സംഘം തന്നെയാണ് എല്ലായിടങ്ങളിലും ആക്രമണം നടത്തിയതെന്നാണ് സംശയിക്കുന്നത്.
ഒരാഴ്ച മുമ്പ് പെരിയക്കടുത്ത ചാലിങ്കാലില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പ്രിയദര്‍ശിനി സ്മാരക മന്ദിരത്തിന്റെ ജനല്‍ ചില്ലുകള്‍ രാത്രി ഒരു സംഘം കല്ലെറിഞ്ഞു തകര്‍ത്തിരുന്നു. ഈ സംഭവത്തില്‍ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
ഇതിനിടെയാണ് സമീപ പ്രദേശങ്ങളില്‍ വീണ്ടും സമാനമായ ആക്രമണങ്ങളുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് കല്യോട്ട് കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കുകയാണ്.



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.