Latest News

വാഹനാപകടത്തില്‍ പരിക്കേറ്റ കുട്ടിയുടെ ദേഹത്ത് അടിയേറ്റ പാടുകളും ഓര്‍മ്മ നഷ്ടപ്പെട്ട കുട്ടി ഗുരുതരാവസ്ഥയില്‍

പൂച്ചക്കാട്: റോഡരികില്‍ വാഹനമിടിച്ച് പരിക്കേറ്റ കുട്ടിയുടെ ദേഹത്ത് ക്രൂരമായ മര്‍ദ്ദനമേറ്റ പാടുകള്‍. അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയുടെ ഓര്‍മ്മശക്തിയും നഷ്ടപ്പെട്ടു.[www.malabarflash.com]

പൂച്ചക്കാട് തെക്കുപ്പുറത്തെ സുഹ്‌റാ മന്‍സിലില്‍ നസീമയുടെ മകന്‍ അഫീളു റഹ്മാനെ (13) യാണ് പൂച്ചക്കാട് തെക്കുപുറം കെഎസ്ടിപി റോഡരികില്‍ വാഹനമിടിച്ച് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. 

ഇക്കഴിഞ്ഞ ഞായറാഴ്ച സന്ധ്യക്ക് ഏഴുമണിയോടെ പള്ളിയിലേക്ക് പ്രാര്‍ത്ഥനയ്ക്കായി പോയ അഫീളു റഹ്മാനെ വാഹനമിടിച്ച് പരിക്കേറ്റ നിലയില്‍ പരിസരവാസികളാണ് കണ്ടത്.
ഉടന്‍ തന്നെ മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ദേഹമാസകലം അടിയേറ്റ പാടുകള്‍ ഉണ്ടെന്ന് കണ്ടത്. നില ഗുരുതരമായതിനാ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടി ഇപ്പോള്‍ കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്ക കോളേജില്‍ ചികിത്സയിലാണ്. ബോധം തിരികെ ലഭിച്ചുവെങ്കിലും അപകടത്തിന് ശേഷമുള്ള കാര്യങ്ങളൊന്നും ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുന്നില്ല.
ഇത് സംബന്ധിച്ച് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് പരാതി ഗൗനിക്കുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കുട്ടിയുടെ മൊഴിയെടുക്കാനും പോലീസ് തയ്യാറായില്ല. ഇടിച്ചിട്ട വാഹനത്തെക്കുറിച്ച് ദൃക്‌സാക്ഷികള്‍ പോലീസിന് സൂചന നല്‍കിയെങ്കിലും ഇതുവരെയും വാഹനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
അതേ സമയം അപകടത്തില്‍ പരിക്കേറ്റ കുട്ടിയുടെ ദേഹത്ത് അടിയേറ്റ പാടുകള്‍ കണ്ടതില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ അകന്ന് കഴിയുകയാണ്. കുട്ടിയെ മനപ്പൂര്‍വ്വം അപായപ്പെടുത്തുകയാണോയെന്ന് ബന്ധുക്കള്‍ സംശയിക്കുന്നു. 

ജില്ലാ പോലീസ് മേധാവി അടക്കമുള്ള ഉന്നതങ്ങളില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.