Latest News

വീട്ടമ്മയുടെ കൊലപാതകം: പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പൂജാരി തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍: പുലാക്കോട് എഴുപതുകാരിയായ വീട്ടമ്മ കല്യാണിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.[www.malabarflash.com] 

പുലാക്കോട് കോട്ടപ്പുറം സുബ്രഹ്മണ്യന്‍ കോവിലിലെ പൂജാരി, പരേതനായ കുട്ടന്റെ മകന്‍ ഗോപി (34) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഈ സമയത്ത് പോലീസ് സ്റ്റേഷനിലേക്ക് വരാന്‍ ഗോപിയോട് ആവശ്യപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു.

പുലാക്കോട് പരേതനായ ചന്ദ്രന്‍ എഴുത്തച്ഛന്റെ ഭാര്യ ഒടുവത്തൊടിയില്‍ കല്യാണിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് കോട്ടപ്പുറം സുബ്രഹ്മണ്യന്‍ കോവിലിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലായിരുന്നു. ഗോപിയും അമ്മ കമലവുമൊന്നിച്ച് കോവിലിന് പുറകിലെ വീട്ടിലാണ് താമസിക്കുന്നത്. ഇവരുടെ കുടുംബക്ഷേത്രം കൂടിയാണിത്. ജ്യോതിഷം പഠിച്ചെത്തിയ ഗോപി ആറുമാസം മുമ്പാണ് കോവിലിലെ പൂജാരിയായത്. ഇതിനു മുമ്പ് ബൈക്ക് മെക്കാനിക്കായിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് സമീപത്തെ ക്ഷേത്രത്തിലേക്ക് പോയിരുന്ന അമ്മ തിരികെ വന്നപ്പോഴാണ് ഗോപിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. ആത്മഹത്യാ കുറിപ്പും സമീപത്തുനിന്ന് കിട്ടിയിട്ടുണ്ട്.

കല്യാണിയെ മേല്‍മുണ്ട് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം അതേ മുണ്ടുകൊണ്ടുതന്നെ കാലും കഴുത്തും ചേര്‍ത്തുപിടിച്ച് കെട്ടിയാണ് ചാക്കിലിറക്കിയിരുന്നത്. മേല്‍മുണ്ട് ഉപയോഗിച്ച് പ്രത്യേക തരത്തിലാണ് മൃതദേഹം കെട്ടിയിരുന്നത്. ഇതിന് കളരിമുറയിലെ കെട്ടിന്റെ സാദൃശ്യം തോന്നിയതിനാലാണ് കളരി അഭ്യാസിയായ ഗോപിയെ ചുറ്റിപ്പറ്റി അന്വേഷണം നടന്നത്. ഇയാള്‍ പ്രദേശത്തെ ചില സ്വര്‍ണക്കടകളിലേക്ക് വിളിച്ച് സ്വര്‍ണത്തിന്റെ വിലവിവരം അന്വേഷിച്ചതായും സൈബര്‍സെല്‍ മുഖേന പോലീസ് കണ്ടെത്തിയിരുന്നു.

തൃശ്ശൂരില്‍നിന്നുള്ള ശ്വാനസേനയിലെ ഡോണ എന്ന നായ ഞായറാഴ്ച വീണ്ടുമെത്തി പരിശോധന നടത്തി. കല്യാണിയുടെ വീട്ടിലേക്ക് കഴിഞ്ഞ ദിവസത്തെ അതേ വഴികളിലൂടെത്തന്നെ നടന്നുനീങ്ങിയ നായ വീടിനകത്തു കയറി മണം പിടിച്ചശേഷം മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പറമ്പിലേക്കാണ് വന്നത്.

ഗോപിയുടെ മൃതദേഹം പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലേക്ക് കൊണ്ടുപോയി. വിരലടയാള വിദഗ്ധരും ശാസ്ത്രീയ തെളിവുശേഖരണ വിദഗ്ധരും സ്ഥലത്തെത്തി. കുന്നംകുളം ഡിവൈ.എസ്.പി. വിശ്വംഭരന്‍, സി.ഐ. വിജയകുമാരന്‍, എസ്.ഐ. സിബീഷ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും എത്തിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.