Latest News

വളപട്ടണം ബേങ്ക് തട്ടിപ്പ്;മുങ്ങിയ ബ്രാഞ്ച് മാനേജരെ ഇന്റര്‍പോളിന്റെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്തു

കണ്ണൂര്‍: സഹകരണ ബാങ്കില്‍ നിന്ന് കോടികളുടെ ധനാപഹരണം നടത്തി വിദേശത്തേക്ക് മുങ്ങിയ ബ്രാഞ്ച് മാനേജരെ ഇന്റര്‍പോളിന്റെ സഹായത്തോടെ കണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പാറക്കണ്ടിയിലെ ജംസ്ഹൗസില്‍ കെ പി മുഹമ്മദ് ജസീലിനെയാണ് ഡി വൈ എസ് പി പി പി സദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്.[www.malabarflash.com]

വളപട്ടണം സഹകരണ ബേങ്കിന്റെ മന്ന ബ്രാഞ്ച് മാനേജറായിരുന്ന കാലയളവില്‍ ബേങ്കില്‍ നിന്ന് മൂന്നരക്കോടി രൂപയോളം വിലവരുന്ന സ്വര്‍ണം മോഷണം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. 

ബേങ്കിന്റെ സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും അറിവോടെയായിരുന്നു തട്ടിപ്പെന്ന് പോലീസ് പറഞ്ഞു. സഹകരണ വകുപ്പ് ഓഡിറ്റ് നടത്തുന്ന സമയത്താണ് തട്ടിപ്പ് കണ്ടെത്തിയത്. സ്വര്‍ണത്തിന് പുറമെ വ്യാജ എഫ് ഡി സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് 25ലക്ഷം രൂപയും തട്ടിയെടുത്തിരുന്നു. സെക്രട്ടറി ജസീലിനെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

ഇതിന് ശേഷം ബേങ്കില്‍ വ്യാപക പരിശോധന നടത്തിയപ്പോള്‍ ഭരണസമിതിയിലുള്ളവര്‍ അടക്കം ചേര്‍ന്ന് മൂന്നര കോടിയുടെ തട്ടിപ്പ് വേറെയും നടത്തിയതായി കണ്ടെത്തിയിരുന്നു. ജസീലിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള 26 പേര്‍ കേസില്‍ പ്രതികളായുണ്ടായിരുന്നു. ഇതില്‍ 21 പേര്‍ കോടതിയില്‍ നിന്ന് ജാമ്യം നേടി. 

തട്ടിപ്പ് നടത്തിയ സ്വര്‍ണം കണ്ണൂരിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ പണയപ്പെടുത്തിയ പണം കൊണ്ട് ബാങ്കോക്കില്‍ സൗന്ദര്യ വര്‍ധക ബിസിനസ് നടത്തിവരികയാണ് ജസീലെന്ന് പോലീസ് പറഞ്ഞു. 

ബേങ്കില്‍ പണയം വെച്ച 76 ഇടപാടുകാരുടെ അഞ്ച് കിലോയോളം സ്വര്‍ണാഭരണങ്ങളാണ് ഇയാള്‍ പണയം വെച്ചത്. മറ്റ് വ്യാജ രേഖകള്‍ ചമച്ച് മൂന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാള്‍ പിടിയിലാവുന്നത്. നേരത്തെ ഇയാള്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസും നടത്തിയതായി പോലീസ് പറയുന്നു.
ഈ മാസം 5ന് ജസീലിനെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്യുകയും അവിടെ ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 11ന് രാത്രി പത്ത് മണിയോടെ ബാങ്കോക്കില്‍ നിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് കയറ്റിവിടുകയായിരുന്നു. രാത്രി 12 മണിയോടെ ഇയാളെ റോയോയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ചോദ്യംചെയ്തിരുന്നു തുടര്‍ന്ന് അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് കണ്ണൂരിലെത്തിക്കുകയായിരുന്നു. 

ബാങ്ക് ജീവനക്കാരനായിരിക്കെ തത്്കാല്‍ പാസ്‌പോര്‍ട്ടിലാണ് ഇയാള്‍ ബാങ്കോക്കിലേക്ക് യാത്രതിരിച്ചത്.
പാസ്‌പോര്‍ട്ടില്ലാതെ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പിടികൂടാന്‍ മലയാളി സമാജത്തിന്റെ സഹായവും ലഭിച്ചു. ബാങ്കോക്ക് പോലീസ് പിടികൂടാന്‍ സാധ്യതയുണ്ടെന്നറിഞ്ഞപ്പോള്‍ ജസീല്‍ അവിടുന്ന് ഇറാഖിലേക്ക് രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നതായും ബാങ്കോക്കില്‍ ഉണ്ടായിരുന്നപ്പോള്‍ അഭയം നല്‍കിയ ആളെ ചതിച്ച് 78 ലക്ഷം രൂപയും ജസീല്‍ കൈക്കലാക്കിയതായും പോലീസ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.