Latest News

ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം പ്രതികരണശേഷി ഇല്ലാത്ത ആറു രോഗാണുക്കളെ കണ്ടെത്തി

തിരുവനന്തപുരം: ആന്റിബയോട്ടിക്സുകളുടെ അമിത ഉപയോഗത്തെത്തുടര്‍ന്ന് കേരളത്തില്‍ മരുന്നുകളോട് പ്രതികരണ ശേഷി ഇല്ലാത്ത ആറു രോഗാണുക്കളെ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി വിഭാഗമാണ് രോഗാണുക്കളെ കണ്ടെത്തിയത്.[www.malabarflash.com] 

വിവിധ ആസ്പത്രികളില്‍ നിന്നും രോഗികളില്‍ നിന്നു ശേഖരിച്ച രക്ത സാമ്പിളുകള്‍ ഡല്‍ഹിയിലെ എന്‍.സി.ഡി.സിയില്‍ (നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍) പരിശോധന നടത്തിയും വിവിധ ലാബുകളില്‍ നിന്നു ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് രോഗാണുക്കളെ സ്ഥിരീകരിച്ചത്.
അമിതമായ ഉപയോഗം കാരണം ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി കുറയുന്നതായുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാലും ഫലം കാണാത്തവിധം മരുന്നുകളോട് പ്രതികരണശേഷി ഇല്ലാത്ത രോഗാണുക്കളുടെ തോത് കുറച്ചുകൊണ്ടുവരേണ്ടത് രോഗികളുടെ ജീവന്‍ നിലനിര്‍ത്താന്‍ അനിവാര്യമാണ്.
ശരീരത്തിലും രക്തത്തിലും മൂത്രത്തിലും ശ്വാസകോശത്തിലും ഉണ്ടാകുന്ന അണുബാധ ബാധിച്ചവരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് പ്രതികരണശേഷി ഇല്ലാത്ത രോഗാണുക്കളെ കണ്ടെത്തിയത്. അനാവശ്യ മരുന്നുകളുടെ ഉപയോഗം കാരണം രോഗങ്ങള്‍ നിയന്ത്രിക്കുന്ന ശരീരത്തിലെ മറ്റ് ബാക്ടീരിയകളും നശിക്കുകയാണ്. 

മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പുകളില്‍ പലപ്പോഴും ആവശ്യമില്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പശുക്കളിലും കോഴികളിലും മത്സ്യങ്ങളിലും കൃഷിയിടങ്ങളിലും അമിതമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് മനുഷ്യരിലേക്ക് ഇവ എത്താന്‍ ഇടയാക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ഇത്തരം ഈ രോഗാണുക്കള്‍ കുറച്ചുകൊണ്ടു വരാന്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുള്ള ആക്ഷന്‍ പ്ലാനിന് രൂപം നല്‍കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. 

മൃഗസംരക്ഷണം, ഫിഷറീസ്, കൃഷി, ക്ഷീര വികസനം എന്നീ വകുപ്പുകള്‍ സംയോജിപ്പിച്ചാണ് പദ്ധതി. സര്‍ക്കാര്‍, സ്വകാര്യ ആസ്പത്രികളിലെ ഡോക്ടര്‍മാരോട് ആന്റിബയോട്ടിക്സുകള്‍ രോഗികള്‍ക്ക് കൂടുതല്‍ പ്രിസ്‌ക്രൈബ് ചെയ്യരുതെന്ന് നിര്‍ദേശം നല്‍കും. കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും ആന്റിബയോട്ടിക്സുകള്‍ നല്‍കരുതെന്ന് മെഡിക്കല്‍ സ്റ്റോറുടമകള്‍ക്കും നിര്‍ദേശം നല്‍കും.
സര്‍ക്കാര്‍ ആസ്പത്രികളിലും സര്‍ക്കാരിതര ആസ്പത്രികളിലും ആന്റിബയോട്ടിക് നയം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആന്റിബയോട്ടിക് സ്റ്റിവാര്‍ഡ്ഷിപ് കമ്മിറ്റികള്‍ രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാവരുടെയും കോഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും. ഈ കമ്മിറ്റി എല്ലാ വകുപ്പുകളിലും ഇത് സംബന്ധിച്ച് ലഭ്യമായ വിവരങ്ങള്‍ ശേഖരിക്കുകയും പ്രതികരണശേഷി ഇല്ലാത്ത രോഗാണുക്കള്‍ മൂലമുണ്ടാകുന്ന ദോഷഫലങ്ങള്‍ കുറച്ചു കൊണ്ടു വരാനുള്ള ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. 

ലോകാരോഗ്യ സംഘടന, കേന്ദ്ര സര്‍ക്കാര്‍, ഐ.എം.എ, മെഡിക്കല്‍ പ്രൊഫഷണല്‍ അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.