Latest News

നിമിതയ്ക്കും മനീഷയ്ക്കും മാളവികയ്ക്കും ആഹ്ളാദമേകി ബാര ഹൈസ്‌കൂള്‍ വീടൊരുക്കുന്നു

ഉദുമ: അടച്ചുറപ്പുള്ള വീടില്ലാതെ വിഷമിക്കുന്ന ബാര ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളായ നിമിതയ്ക്കും മനീഷയ്ക്കും മാളവികയ്ക്കും ഇനി ആശ്വസിക്കാം. സ്‌കൂള്‍ അധ്യാപക-രക്ഷാകതൃസമിതിയുടെ നേതൃത്വത്തില്‍ സുമനസ്സുകളുടെ സഹായത്തോടെ ഇവര്‍ക്ക് മൂന്നുമാസത്തിനകം വീടൊരുങ്ങും. ഇതിന്റെ കട്ടിലവെക്കല്‍ ചടങ്ങ് വെള്ളിയാഴ്ച നാട്ടുകാരുടെയും പി.ടി.എ. ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ നടന്നു.[www.malabarflash.com]

പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് നിമിതയും മനീഷയും. മാളവിക ആറാം ക്ലാസിലും. മയിലാട്ടി അടുക്കത്തുബയല്‍ കാനത്തുംതിട്ടയിലെ രാഘവന്റെയും ചന്ദ്രാവതിയുടെയും മക്കളാണ് ഇവര്‍. വീട് സ്വപ്‌നമായിരുന്നെങ്കിലും സ്ഥലത്തിന് ഉടമസ്ഥാവകാശം ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യം കുടുംബത്തിന് ലഭിച്ചിരുന്നില്ല. ഇവര്‍ താമസിക്കുന്ന ഒറ്റമുറിയുള്ള ഓലക്കൂര ഉള്‍പ്പെട്ട സ്ഥലത്തിനെപ്പറ്റിയുള്ള തര്‍ക്കം സംബന്ധിച്ച കേസ് വര്‍ഷങ്ങളായി കോടതിയിലാണ്.

സമ്പൂര്‍ണവൈദ്യുതിയജ്ഞപദ്ധതിയിലാണ് കൂരയിലേക്ക് ഈയിടെ വെളിച്ചമെത്തിയത്. ശുചിത്വപദ്ധതിയില്‍ കുടുംബത്തിന് കക്കൂസും കിട്ടിയിരുന്നു. കൂലിപ്പണിക്കാരായ രാഘവനും ചന്ദ്രാവതിയും ചേര്‍ന്ന് വീട് നിര്‍മിക്കാന്‍ തറകെട്ടിയിരുന്നെങ്കിലും സാമ്പത്തികബുദ്ധിമുട്ടുകാരണം ഇത് എങ്ങുമെത്തിയില്ല. സ്‌കൂളില്‍നിന്ന് അധ്യാപകര്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വീടുകള്‍ സന്ദര്‍ശിച്ചപ്പോഴാണ് നിമിതയും മനീഷയും അനുഭവിക്കുന്ന ദുരവസ്ഥ മനസ്സിലാക്കിയത്.

അധ്യാപകര്‍ വിഷയം അവതരിപ്പിച്ചപ്പോള്‍ പി.ടി.എ. യോഗം ചേര്‍ന്ന് ഇവിടെ വീട് നിര്‍മിക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. അധ്യാപകന്‍ വി.ഗംഗാധരന്‍ കണ്‍വീനറായ 11 അംഗ കമ്മിറ്റിക്കാണ് വീടിന്റെ നിര്‍മാണച്ചുമതല. പണിപൂര്‍ത്തിയാക്കി പുതുവത്സരദിനത്തില്‍ ഗൃഹപ്രവേശം നടത്താനാണ് കൂട്ടായ്മയുടെ ലക്ഷ്യം.

കട്ടിലവെക്കല്‍ ചടങ്ങില്‍ ഉദുമ പഞ്ചായത്ത് സ്ഥിരംസമിതിയംഗംകൂടിയായ പി.ടി.എ. പ്രസിഡന്റ് കെ.സന്തോഷ്‌കുമാര്‍, ഹമീദ് മാങ്ങാട്, വി.ഗംഗാധരന്‍, കെ.ടി.ജയന്‍, രാമകൃഷ്ണന്‍ പള്ളിത്തട്ട, കൃഷ്ണന്‍ വെടിക്കുന്ന്, ഗോപിനാഥന്‍ മഞ്ഞളത്ത്, എം.ബി.ബാലചന്ദ്രന്‍, സിബിമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.