Latest News

സലഫിസം മുസ്‌ലിം മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്തുന്നു: കാന്തപുരം

കോഴിക്കോട്: മുസ്‌ലിംകളുടെ ദൈനംദിന ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുന്ന വിവിധ തരം വെല്ലുവിളികള്‍ക്കു അനുഗുണമായ പശ്ചാത്തലം ഒരുക്കിക്കൊടുക്കുന്ന ദൗത്യമാണ് സലഫി ആശയങ്ങളും പ്രസ്ഥാനങ്ങളും നിര്‍വഹിച്ചു പോരുന്നതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു.[www.malabarflash.com]

സൗത്ത് ഇന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ താത്തൂര്‍ ശുഹദാ മഖാമില്‍ നടന്ന ആണ്ടുനേര്‍ച്ചയില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ആശയങ്ങള്‍ക്ക് സമൂഹത്തില്‍ സ്വീകാര്യത നേടിക്കൊടുക്കാനുള്ള ശ്രമം മുസ്‌ലിം സമുദായം കഴിഞ്ഞ കാലങ്ങളില്‍ നേടിയെടുത്ത മുന്നേറ്റങ്ങളെ ദുര്‍ബലമാക്കാനേ സഹായിക്കുകയുള്ളൂവെന്നും ഈ വക നീക്കങ്ങളില്‍ നിന്ന് രാഷ്ട്രീയക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സലഫിസമെന്നാല്‍ മതനവീകരണ പ്രസ്ഥാനമാണ് എന്നാണു പലരും മനസ്സിലാക്കിയിരിക്കുന്നത്. ഇത് ശരിയല്ല. രാഷ്ട്രീയമായ താത്പര്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി മതത്തെ ഉപയോഗപ്പെടുത്തുന്ന സംവിധാനമാണ് സലഫിസം. മതകീയ ചര്‍ച്ചകള്‍ എന്ന പേരില്‍ ഇക്കൂട്ടര്‍ കഴിഞ്ഞകാലങ്ങളില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ദൈവശാസ്ത്രപരമായ ചര്‍ച്ചകളുടെയെല്ലാം ആത്യന്തിക ലക്ഷ്യം രാഷ്ട്രീയപരമായിരുന്നു. 

തങ്ങളുടെ ആശയങ്ങളെ എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യാനുള്ള മതപരമായ ന്യായം എന്ന നിലയിലാണ് സലഫികള്‍ തൗഹീദ് വാദം ഉയര്‍ത്തിക്കൊണ്ടുവന്നത് തന്നെ. ഇത്തരം അപകടകരമായ വാദങ്ങളെ നവോത്ഥാന സംരംഭം എന്നൊക്കെ പരിചയപ്പെടുത്തുന്നത് ചരിത്രബോധം ഇല്ലാത്തതുകൊണ്ടാണ്. വിവിധ മതജാതി സമൂഹങ്ങള്‍ കേരളത്തില്‍ കൈവരിച്ച നവോത്ഥാന നേട്ടങ്ങളെ പരിഹസിക്കുന്ന ഏര്‍പ്പാടാണിത്.

മലയാളീ മുസ്‌ലിംകള്‍ക്കിടയിലേക്കു വെളിച്ചം കൊണ്ടുവന്നത് സലഫികള്‍ ആണെന്ന് ഈയിടെ ചിലര്‍ പറഞ്ഞതായി കേട്ടു. സലഫികള്‍ കൊണ്ടുവന്ന ഇതേ വെളിച്ചത്തിന്റെ അനന്തരഫലമാണ് ഇന്ന് മിക്ക മധ്യേഷ്യന്‍ രാജ്യങ്ങളും നേരിടുന്ന രാഷ്ട്രീയ അസ്ഥിരതയും അതിക്രമങ്ങളും എന്ന കാര്യം ഇക്കൂട്ടര്‍ ഓര്‍ത്താല്‍ നന്ന്. സമാധാനത്തോടെയും സഹവര്‍ത്തിത്വയോടെയും കഴിയുന്ന സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുക എന്നത് സലഫികളുടെ പ്രധാന അജണ്ടയാണ്. കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയിലും മുസ്‌ലിംകള്‍ക്കും മറ്റു മത വിഭാഗങ്ങള്‍ക്കിടയിലും വിഭാഗീയത വളര്‍ത്തുന്നതിലും അവരെ പരസ്പരം ശത്രുതയില്‍ നിലനിര്‍ത്തുന്നതിലും ഇവര്‍ വഹിച്ച പങ്കു ചരിത്രത്തിന്റെ ഭാഗമാണ്.

സലഫികളുടെ രാഷ്ട്രീയ താത്പര്യങ്ങളെ മുസ്‌ലിംകള്‍ വിശ്വാസപരമായ വാദങ്ങള്‍ ഉയര്‍ത്തി പ്രതിരോധിച്ചതുകൊണ്ടാണ് ഇന്ത്യയില്‍ സലഫീ ആശയങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കാതെ പോയത്. ഇന്നു ഇവരുടെ യഥാര്‍ഥ മുഖം ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഈ പ്രതിസന്ധിയില്‍ നിന്ന് അവരെ രക്ഷിക്കാന്‍ ഇപ്പോള്‍ ചില പുതിയ ഇടയാളന്മാര്‍ രംഗത്തെത്തിയിരിക്കയാണ്. മുസ്‌ലിം സമുദായം നിലവില്‍ നേരിടുന്ന വെല്ലുവിളികളെ കൂടുതല്‍ രൂക്ഷമാക്കാനേ ഈ ഇടയാളന്മാരുടെ നിലപാടുകള്‍ സഹായിക്കുകയുള്ളൂ.

സാമുദായിക രാഷ്ട്രീയ സംഘടനകളുടെ സലഫീ പക്ഷപാതത്തെ കുറിച്ച് സമസ്ത കേരളം ജംഇയ്യത്തുല്‍ ഉലമ ഉയര്‍ത്തിയ വിമര്‍ശനങ്ങളെ ഏറ്റെടുക്കാന്‍ ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ രംഗത്തെത്തികൊണ്ടിരിക്കുന്നു എന്നത് സന്തോഷകരവും സമസ്ത ഉയര്‍ത്തിപ്പിടിച്ച നിലപാടുകള്‍ ശരിയായിരുന്നു എന്നതിനുള്ള അംഗീകാരവുമാണ് കാന്തപുരം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.