കണ്ണൂര്‍: പാനൂരിലെ സി.പി.എം ബി.ജെ.പി അക്രമവുമായി ബന്ധപ്പെട്ട് പന്ത്രണ്ടോളം ബി.ജെ.പി പ്രവര്‍ത്തകരുടെ പേരില്‍ പാനൂര്‍ പോലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തു. ഏതാനും ബി.ജെ.പി പ്രവര്‍ത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.[www.malabarflash.com]
പാനൂര്‍ മേഖലയില്‍ ഞായറാഴ്ച അരങ്ങേറിയ അക്രമത്തില്‍ പതിനെട്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ പതിമൂന്ന് പേര്‍ സി.പി.എം പ്രവര്‍ത്തകരാണ്. ഒരു ബി.ജെ.പി പ്രവര്‍ത്തകനും പോലീസുദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു.
അതേസമയം ബി.ജെ.പി അക്രമത്തില്‍ പ്രതിഷേധിച്ച് സി.പി.എം ആഹ്വാനം ചെയ്ത പാനൂര്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. പാനൂര്‍ നഗരസഭ, കുന്നോത്ത്പറമ്പ്, തൃപ്പങ്ങോട്ടൂര്‍, ചൊക്ലി, മൊകേരി, പന്ന്യന്നൂര്‍ പഞ്ചായത്തുകളിലുമാണ് സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
സി.പി.എം പാനൂര്‍ ഏരിയാസമ്മേളനത്തിന്റെ ഭാഗമായി കൈവേലിക്കലില്‍ നിര്‍മിച്ച സംഘാടകസമിതി ഓഫീസും പാനൂരിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളും തകര്‍ത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനുനേരെയായിരുന്നു അക്രമം. മേഖലയില്‍ ഞായറാഴ്ച രാത്രി വലിയതോതില്‍ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പത്തായക്കുന്നില്‍ വീടിന് നേരെ അക്രമമുണ്ടായതായി പരാതിയുണ്ട്. ബി.ജെ.പി അനുഭാവി സതീശന്റെ വീടിനുനേരെയാണ് പുലര്‍ച്ചെ ഒന്നരയോടെ അക്രമമുണ്ടായത്. വീടിന്റെ പിന്നിലെ രണ്ട് ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. കതിരൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരുന്നു.
ഐ.ജി മഹിപാല്‍, തലശേരി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് കനത്ത പോലീസ് കവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
No comments:
Post a Comment