കാസര്‍കോട്: അടുക്കത്ത്ബയലില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസും സി.പി.എം നിയന്ത്രണത്തിലുള്ള ചിലമ്പ് കലാകായിക കേന്ദ്രവും കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയ നിലയില്‍.[www.malabarflash.com]
അടുക്കത്ത്ബയല്‍ ദേശീയപാതയോരത്തായി പ്രവര്‍ത്തിക്കുന്ന സി.പി. എം കോട്ടവളപ്പ് ബ്രാഞ്ച് കമ്മിറ്റി ഓഫീസും ചിലമ്പ് കലാകായിക കേന്ദ്രവുമാണ് കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. ഞായറാഴ്ച രാത്രി ഒമ്പത് മണിവരെ രണ്ടിടത്തും പ്രവര്‍ത്തകരുണ്ടായിരുന്നു. ഒമ്പതരയോടെയാണ് പാര്‍ട്ടി ഓഫീസും കലാകായിക കേന്ദ്രവും അടച്ചത്. അതിന് ശേഷമായിരിക്കാം കരിഓയില്‍ പ്രയോഗമെന്ന് കരുതുന്നു.
പാര്‍ട്ടി ഓഫീസിലെ ഫര്‍ണിച്ചറുകളും വാതിലും വികൃതമാക്കിയ നിലയിലാണ്. ബ്രാഞ്ച് സെക്രട്ടറി ഹരിപ്രസാദിന്റെ പരാതിയില്‍ കാസര്‍കോട് പോലീസ് കേസെടുത്തു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.
അതേസമയം സി.പി.എം അടുക്കത്ത്ബയല്‍ ബ്രാഞ്ച്, കുദൂര്‍ ബ്രാഞ്ച്, കടപ്പുറം ബ്രാഞ്ച്, നെല്ലിക്കുന്ന് ബ്രാഞ്ച് എന്നിവിടങ്ങളില്‍ സ്ഥാപിച്ച പതാകകള്‍ നശിപ്പിച്ച നിലയിലാണ്. ബി.ജെ.പി പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം സി.എച്ച് കുഞ്ഞമ്പു, ഏരിയാ സെക്രട്ടറി കെ.എ മുഹമ്മദ് ഹനീഫ എന്നിവര്‍ ആരോപിച്ചു.
സി.പി.എമ്മിന്റെ വളര്‍ച്ചയില്‍ വിളറിപൂണ്ടാണ് ഇത്തരം അക്രമമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
No comments:
Post a Comment