Latest News

രാത്രികാല പോസ്റ്റ്മോർട്ടം: ഡോക്ടർമാർക്കെതിരെ എൻ.എ. നെല്ലിക്കുന്ന് എംഎൽഎ കോടതിയിൽ

കാസർകോട്: രാത്രിയിൽ പോസ്റ്റ്മോർട്ടം നടത്തുന്നതുമായി ബന്ധപ്പെട്ടു ഗുജറാത്ത് സർക്കാർ സ്വീകരിച്ച നയം ഉൾപ്പെടെ ചൂണ്ടിക്കാട്ടി കാസർകോട് എംഎൽഎ എൻ.എ.നെല്ലിക്കുന്ന് ഹൈക്കോടതിയിൽ.[www.malabarflash.com]

കാസർകോട് ജനറൽ ആശുപത്രിയിൽ ഉൾപ്പെടെ രാത്രി പോസ്റ്റ്മോർട്ടം നടത്താനുള്ള സർക്കാർ ഉത്തരവിനെതിരെ മെഡിക്കോ ലീഗൽ സൊസൈറ്റി സമർപ്പിച്ച ഹർജിയിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ടാണ് എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഹർജി നൽകിയത്.

ഇരുപതിനായിരത്തോളം പോസ്റ്റ്മോർട്ടങ്ങൾ പ്രതിവർഷം നടക്കുന്ന സംസ്ഥാനത്തു രാത്രിയിൽ ഉൾപ്പെടെ പോസ്റ്റ്മോർട്ടം നടത്തേണ്ടത് അനിവാര്യമാണ്. ഇതുസംബന്ധിച്ചു ഏഴു പ്രാവശ്യം നിയമസഭയിൽ ഉപപ്രമേയം അവതരിപ്പിച്ചിരുന്നു. 

കേരളത്തിലെ അ‍ഞ്ചു മെഡിക്കൽ കോളജുകളിലും കാസർകോട് ജനറൽ ആശുപത്രിയിലും രാത്രി പോസ്റ്റ്മോർട്ടം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ഇതിന്റെ തുടർച്ചയാണ്. മരണം നടന്ന് എത്രയും പെട്ടന്ന് പോസ്റ്റ്മോർട്ടം നടത്തുന്നതാണ് ഉചിതം. മരണകാരണത്തെക്കുറിച്ചുള്ള അന്വേഷണത്തിലും അവയവദാനം ഉൾപ്പെടെയുള്ള കാര്യങ്ങളിലും ഇതു പ്രയോജനം ചെയ്യുമെന്നും എൻ.എ.നെല്ലിക്കുന്ന് ചൂണ്ടിക്കാട്ടുന്നു.

പോസ്റ്റ്മോർട്ടം ചെയ്തുകിട്ടാൻ മോർച്ചറിക്കു സമീപം കാത്തു നിൽക്കുന്ന ബന്ധുക്കളുടെ അവസ്ഥ പരിഗണിക്കണമെന്നും ഏഴാം കക്ഷിയായി പരിഗണിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. മെഡിക്കോ ലീഗൽ സൊസൈറ്റി സമർപ്പിച്ച ഹർജിയിലാണ് രാത്രി പോസ്റ്റ്മോർട്ടം നടത്താനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി തടഞ്ഞത്. ഭൗതിക സാഹചര്യങ്ങളും ആവശ്യത്തിനു ജീവനക്കാരെയും ഏർപ്പെടുത്തിയാലേ രാത്രി പോസ്റ്റ്മോർട്ടം അംഗീകരിക്കുവെന്നാണ് സൊസൈറ്റിയുടെ നിലപാട്.

30 വയസ്സിനു താഴെ പ്രായമുള്ള സ്ത്രീയുടെ മരണം ഉൾപ്പെടെയുള്ള സംശയാസ്പദമായ മരണങ്ങളിൽ രാത്രിയിലായാലും പോസ്റ്റ്മോർട്ടം നടത്തണമെന്നാണ് ഗുജറാത്ത് സർക്കാരിന്റെ നിലപാടെന്ന് എൻ.എ.നെല്ലിക്കുന്ന് സമർപ്പിച്ച ഹർജിയിൽ പറയുന്നു. 

ഭർതൃഗൃഹത്തിലെ മരണം, വിഷം ഉള്ളിൽ ചെന്നുള്ള മരണം തുടങ്ങിയ പശ്ചാത്തലത്തിലും അവിടെ ഇതു കർശനമാണ്. ഗുജറാത്തിനു പുറമേ, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലും രാത്രി പോസ്റ്റ്മോർട്ടം അനുവദനീയമാണ്. മതിയായ വെളിച്ചം ഉറപ്പാക്കിയിരിക്കണമെന്നു മാത്രം. പ്രത്യേക സാഹചര്യങ്ങളിലും തമിഴ്നാട്ടിലും രാത്രി പോസ്റ്റ്മോർട്ടം അനുവദിക്കുന്നുണ്ടെന്നാണ് ഹർജിയിൽ സൂചിപ്പിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.