Latest News

മത്സ്യമാര്‍ക്കറ്റിലെ മോട്ടോര്‍ പമ്പ് നന്നാക്കാനെത്തിയ പ്ലംബര്‍ നഗരസഭ ചെയര്‍മാന്റെ കാറില്‍ കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റിലെ മോട്ടോര്‍ പമ്പ് നന്നാക്കാനെത്തിയ പ്ലംബര്‍ നഗരസഭാ ചെയര്‍മാന്റെ കാറില്‍ കുഴഞ്ഞുവീണ് മരിച്ചു. കുശാല്‍നഗര്‍ സ്വദേശിയും ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പ്രഭാകരന്‍ (45) ആണ് മരണപ്പെട്ടത്.[www.malabarflash.com]

ബുധനാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം.
കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റിലെ കുടിവെള്ള വിതരണത്തിനുള്ള പമ്പ് തകരാറിലായിരുന്നു. ഇത് നന്നാക്കാനായി ചെയര്‍മാന്‍ വി വി രമേശന്‍ പ്രഭാകരനെ ക്വാര്‍ട്ടേഴ്‌സിലെത്തി വിളിച്ചുകൊണ്ടുവരികയായിരുന്നു. 

ജലവിതരണം നന്നാക്കിയില്ലെങ്കില്‍ ഇന്നേക്ക് മത്സ്യമാര്‍ക്കറ്റ് ദുര്‍ഗന്ധമാകുകയും ഇവിടത്തേക്കുള്ള കുടിവെള്ള വിതരണം മുടങ്ങുകയും ചെയ്യുമെന്ന് കണ്ടതിനാലാണ് രാത്രി തന്നെ പമ്പ് നന്നാക്കാന്‍ ചെയര്‍മാന്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രഭാകരന്റെ ക്വാര്‍ട്ടേഴ്‌സില്‍ ചെന്നപ്പോള്‍ യാതൊരു മടിയും കാണിക്കാതെ പ്രഭാകരന്‍ ചെയര്‍മാനോടൊപ്പം മത്സ്യമാര്‍ക്കറ്റിലെത്തുകയായിരുന്നു. 

കേടായ പമ്പ് പകുതിയോളം നന്നാക്കിയെങ്കിലും ചില ഉപകരണങ്ങള്‍ കൂടി ആവശ്യമായി വന്നു. ഇത് ടൗണില്‍ നിന്ന് സംഘടിപ്പിക്കാമെന്ന് ചെയര്‍മാന്‍ പറഞ്ഞപ്പോള്‍ ഏതെങ്കിലും വീട്ടില്‍ നിന്ന് തരപ്പെടുത്താമെന്ന് പറഞ്ഞ് പ്രഭാകരന്‍ ചെയര്‍മാന്റെ കാറില്‍ ടൗണിലേക്കെത്തി. അപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയും ഡ്രൈവര്‍ ആശുപത്രിയിലേക്ക് പോകാന്‍ കാര്‍ പിന്നോട്ടെടുക്കുമ്പോഴേക്കും കാറിനകത്ത് കുഴഞ്ഞുവീണു. ഉടന്‍ കാഞ്ഞങ്ങാട് നഴ്‌സിംഗ് ഹോമില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
സ്വാമി നിത്യാനന്ദ സേവാസമിതിയിലെ സജീവ പ്രവര്‍ത്തകനായിരുന്നു പ്രഭാകരന്‍. നേരത്തേ പുതിയകോട്ടയില്‍ ലക്കി ഇലക്ട്രിക്കല്‍സ് സ്ഥാപനം നടത്തിയിരുന്നു. 

ഭാര്യ: നവ്യ. മക്കള്‍: സജിന (വിദ്യാര്‍ത്ഥി മംഗലാപുരം), സാഗര്‍ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മംഗലാപുരം), സ്‌നേഹ (മൂന്നാംക്ലാസ് വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: ദിനേശന്‍, രമ, പരേതനായ ദിവാകര. ഹൊസ്ദുര്‍ഗ് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.