Latest News

സിപിഎം, എസ്ഡിപിഐ നേതാക്കൾക്ക് വെട്ടേറ്റു

പട്ടാമ്പി: വല്ലപ്പുഴയിൽ സിപിഎം, എസ്ഡിപിഐ നേതാക്കൾക്ക് വെട്ടേറ്റു. എസ്ഡിപിഐ മുൻ ജില്ലാ സെക്രട്ടറി മച്ചിങ്ങൽ സൈതലവി(42), സിപിഎം വല്ലപ്പുഴ യാറം ബ്രാഞ്ച് സെക്രട്ടറി വേളത്ത് കണ്ടാണത്ത് അബ്ദുൽ നാസർ ( 32) എന്നിവർക്കാണ് വെട്ടേറ്റത്.[www.malabarflash.com]

നാസർ ചെർപ്പുളശ്ശേരിയിലെ സഹകരണ ആശുപത്രിയിലും സൈതലവി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഇരുവരെയും വെട്ടിപ്പരുക്കേൽപ്പിച്ചത് ബൈക്കിലെത്തിയ സംഘമാണെന്നു പറയുന്നു.

സൈതലവിക്കു ചൊവ്വാഴ്ച രാത്രി ചെമ്മംകുഴി വീടിനു സമീപത്തുനിന്നാണു വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘമാണ് വെട്ടിയതെന്ന് സൈതലവി നൽകിയ മൊഴിയിൽ പോലീസ് കേസെടുത്തു. എസ്ഡിപിഐ നേതാവിന് വെട്ടേറ്റതിൽ പ്രതിഷേധിച്ച് ബുധനാഴ്ച രാവിലെ എസ്ഡിപിഐ വല്ലപ്പുഴയിൽ പ്രകടനം നടത്തിയിരുന്നു. പ്രകടനം കഴിഞ്ഞതിനു പിന്നാലെയാണു സിപിഎം ബ്രാഞ്ച് സെക്രട്ടറി അബ്ദുൽ നാസറിനു റെയിൽവേ ഗേറ്റിനു സമീപത്തു വെട്ടേറ്റത്. അബ്ദുൽ നാസറിന്റെ പരാതിയിലും പോലീസ് കേസെടുത്തു. വല്ലപ്പുഴയിൽ മാസങ്ങൾക്ക് മുൻപ് സിപിഎം – എസ്ഡിപിഐ സംഘട്ടനം നടന്നിരുന്നു.

ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാർ, ഷൊർണൂർ ഡിവൈഎസ്പി കെ.എം സൈയ്താലി, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി മുരളീധരൻ എന്നിവർ‌ സ്ഥലത്തെത്തി അന്വേഷണം നടത്തി. എസ്ഡിപിഐ വാടനാംകുറുശ്ശി ഓഫിസിൽ പോലീസ് പരിശോധന നടത്തി. 

ഒറ്റപ്പാലം സിഐ ടി. അബ്ദുൽ മുനീർ, പട്ടാമ്പി സിഐ പി.വി. രമേഷ് എന്നിവരുടെ നേതൃത്വത്തിൽ ചെർപ്പുളശ്ശേരി, ഷൊർണൂർ, തൃത്താല, ചാലിശ്ശേരി, പട്ടാമ്പി സ്റ്റേഷനുകളിലെ പോലീസുകാർ വല്ലപ്പുഴയിൽ ക്യാംപ് ചെയ്യുന്നുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.