Latest News

പത്തനംതിട്ടയിൽ മൂന്ന് പഞ്ചായത്ത് അംഗങ്ങളെ തെര. കമ്മീഷൻ അയോഗ്യരാക്കി

mallappuzhassery-panchayat-malabarflash
പത്തനംതിട്ട: ജില്ലയിലെ മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ മൂന്ന് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി. ജനതാദൾ-യു പ്രതിനിധിയും മൂന്നാം വാർഡ് മെന്പറുമായിരുന്ന മനോജ് മാധവശേരിൽ, നാലാം വാർഡ് അംഗവും കേരള കോൺഗ്രസ്-എം മെന്പറുമായിരുന്ന രമ ഭാസ്കർ, ഒൻപതാം വാർഡിലെ കോൺഗ്രസ് അംഗമായിരുന്ന പി.എ.നാരായണൻ എന്നിവരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കിയത്. [www.malabarflash.com]

കൂറുമാറ്റ നിരോധന നിയമ പ്രകാരമാണ് നടപടി. ഇവർക്ക് ഇനി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മൽസരിക്കുന്നതിന് 2017 ഒക്ടോബർ 13 മുതൽ ആറു വർഷത്തേക്കാണ് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തിയത്.

2015-ൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞടുപ്പിൽ മൂവരും യുഡിഎഫിൽ നിന്നാണ് ജയിച്ചു കയറിയത്. എന്നാൽ പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ തെരഞ്ഞെടുപ്പുകളിൽ പാർട്ടി വിപ്പ് ലംഘിച്ചുകൊണ്ട് ഇവർ എൽഡിഎഫിന് അനുകൂലമായി നിലപാട് സ്വീകരിച്ചതാണ് തിരിച്ചടിയായത്. 

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മനോജ് മാധവശേരിൽ എൽഡിഎഫുമായി സഹകരിക്കുകയും പ്രസിഡന്‍റ് സ്ഥാനത്തേക്ക് വിജയിക്കുകയും ചെയ്തു. കേരള കോണ്‍ഗ്രസ്-എം അംഗമായിരുന്ന രമ മനോജിനെ പിന്തുണച്ചു. കോൺഗ്രസ് അംഗമായിരുന്ന നാരായണൻ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

മൂവരുടെയും നടപടി കൂറുമാറ്റ നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുമെന്ന് ചൂണ്ടിക്കാട്ടി പന്ത്രണ്ടാം വാർഡിലെ കോണ്‍ഗ്രസ് അംഗം സദാശിവൻ നായർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കമ്മീഷൻ നടപടി. 

13 വാർഡുകളുള്ള മല്ലപ്പുഴശേരി പഞ്ചായത്തിൽ യുഡിഎഫിന് അഞ്ചും എൽഡിഎഫിന് നാലും ബിജെപിക്ക് മൂന്നും അംഗങ്ങളുണ്ട്. ഒരു വാർഡിൽ വിജയിച്ചത് സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.