Latest News

സ്ത്രീവേഷത്തിലെത്തി പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ

അബുദാബി: പർദ ധരിച്ച് സ്ത്രീവേഷത്തിലെത്തി പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പാക്ക് പൗരന് വധശിക്ഷ വിധിച്ചു.[www.malabarflash.com] 

അബുദാബി ക്രിമിനൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് തിങ്കളാഴ്ച രാവിലെ ശിക്ഷ വിധിച്ചത്. ഇയാൾക്കെതിരെ കൊലപാതകം, പീഡനം തുടങ്ങിയവ ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തി.

എസി മെക്കാനിക്കായ 33 വയസുള്ള പാക്ക് പൗരനാണ് കേസിലെ പ്രതി. അസാൻ മജീദ് എന്ന പതിനൊന്നുകാരനാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ കുടുംബത്തിന് പ്രതി 200,000 ദിർഹം നഷ്ടപരിഹാരം നൽകുകയും വേണം. പ്രതിയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ഇയാളുടെ ശിക്ഷ പൊതുസ്ഥലത്തുവച്ച് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 14 ദിവസത്തിനുള്ളിൽ പ്രതിയ്ക്ക് അപ്പീൽ കോടതിയെ സമീപിക്കാം.

വാദം നടക്കുമ്പോൾ പാക്ക് പൗരൻ കോടതിക്കു മുന്നിൽ കുറ്റം നിഷേധിച്ചിരുന്നു. പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കേസ് വീണ്ടും പരിഗണിക്കണമെന്നും പ്രതിക്കുനേരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്നും വാദിച്ചു. സംഭവം നടക്കുമ്പോൾ കുറ്റാരോപിതനായ പാക്ക് പൗരൻ അബുദാബിയിൽ ഉണ്ടായിരുന്നില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സംഭവം നടന്നത് ജൂൺ മാസത്തിലാണ്. ഈ സമയം പ്രതി, തന്റെ ജോലി സ്ഥലമായ അബുദാബി അതിർത്തി പ്രദേശമായ മുസാഫയിൽ ആയിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ, ഇതെല്ലാം തള്ളിയാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.

പാക്ക് പൗരൻ കൃത്യം നടത്തിയത് ഏറെക്കാലത്തെ തയാറെടുപ്പിന് ശേഷമെന്ന് പ്രോസിക്യൂഷൻ നേരത്തെ വാദിച്ചിരുന്നു. പ്രതി കൃത്യം നടത്തുന്നതിന് നാലുമാസം മുൻപ് മുതൽ കുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്താറുണ്ടായിരുന്നു. രക്ഷിതാക്കളുമായി ഇയാൾ അടുപ്പം കാണിച്ചിരുന്നു. വീട്ടിലെത്തുമ്പോൾ കുട്ടിയോട് വലിയ സ്നേഹപ്രകടനമാണ് കാണിച്ചിരുന്നത്. ഉച്ചയ്ക്കുശേഷം പ്രാർഥനയാക്കായി കുട്ടി പിതാവിനൊപ്പം പള്ളിയിൽ പോകുമെന്ന കാര്യം ഇയാൾക്കറിയാം.

സംഭവം നടന്ന ദിവസം, പ്രതി പർദയും മറ്റും ധരിച്ച് സ്ത്രീവേഷത്തിലാണ് കുഞ്ഞും കുടുംബവും താമസിക്കുന്ന സ്ഥലത്തെത്തിയത്. കുട്ടി പള്ളിയിൽ നിന്നും ഒറ്റയ്ക്ക് തിരിച്ചുവരുന്നത് വരെ പ്രതി കാത്തിരുന്നു. സ്ത്രീവേഷത്തിലെത്തിയ പ്രതി കുട്ടിയുമായി കെട്ടിടത്തിന്റെ മുകളിൽ പോവുകയും പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് തുണികൂട്ടിച്ചേർത്ത് കയറുപോലെയാക്കി കുട്ടിയെ തൂക്കികൊല്ലുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ വാദം. പതിനൊന്നുകാരൻ പീഡനത്തിൽ നിന്നു െചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പ്രതിയ്ക്കെതിരെ ക്രോസ് ഡ്രസിങ്, നമ്പർ പ്ലേയ്റ്റ് ഇല്ലാതെ വാഹനമോടിക്കൽ, കൊലപാതകം, പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി.

കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് പള്ളിയിൽ പ്രാർഥന കഴിഞ്ഞ് മുറൂർ റോഡിലെ ഫ്ലാറ്റിലേക്കു തിരിച്ചു വരികയായിരുന്ന അസാൻ മജീദ് എന്ന പതിനൊന്നുകാരനെ പർദ ധരിച്ച് മുഖം മറച്ചെത്തിയ പ്രതി തന്ത്രപൂർവം കെട്ടിടത്തിന്റെ ടെറസിലേക്കു കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. കുട്ടിയെ കാണാനില്ലെന്നായിരുന്നു ആദ്യം ലഭിച്ച പരാതി. പിന്നീട് നടത്തിയ തിരച്ചിലിൽ കെട്ടിടത്തിന്റെ മുകളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.