Latest News

മകളെ പീഡിപ്പിച്ച അച്ഛന് ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും

ആലപ്പുഴ: മകളെ പീഡിപ്പിച്ച അച്ഛന് ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. പ്രതി മരണംവരെ ശിക്ഷ അനുഭവക്കണമെന്ന് ആലപ്പുഴ ജില്ലാ പോക്‌സോ പ്രത്യേക കോടതിയുടെ വിധിയില്‍ പരാമര്‍ശം ഉണ്ട്. പുളിങ്കുന്ന് സ്വദേശി ബാബു (52)വിനെയാണ് ശിക്ഷിച്ചത്. 2014 ലാണ് സംഭവം.[www.malabarflash.com]

വിദ്യാര്‍ഥിയായ കുട്ടി അറിയാതെ സേഫ്റ്റി പിന്‍ വിഴുങ്ങി ആസ്​പത്രിയില്‍ ചികിത്സയിലിരിക്കേ ഡോക്ടറോടാണ് പീഡന വിവരം വെളിപ്പെടുത്തിയത്. ഡോക്ടര്‍ ആലപ്പുഴ വനിതാ സെല്‍ എസ്.ഐ.യെ വിവരം അറിയിച്ചപ്പോള്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. മദ്യപനായ അച്ഛന്‍ പലതവണ കുട്ടിയെ പീഡിപ്പിച്ചതായിട്ടാണ് പ്രോസിക്യുഷന്‍ കേസ്.

അച്ഛനെ പേടിയാണെന്ന് അമ്മയോട് പറഞ്ഞപ്പോള്‍ മദ്യപനായതു കൊണ്ട് പറഞ്ഞതാണെന്നാണ് കരുതിയത്. ആസ്​പത്രിയില്‍ ചികിത്സയിലിരിക്കേ കൂട്ടിരിപ്പിന് എത്തിയപ്പോഴും അച്ഛന്‍ മകളെ ഉപദ്രവിച്ചു. പുളിങ്കുന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന ബിനു, വി.എസ്. ദിനരാജ് എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ച് കേസ് അന്വേഷിച്ചത്. കേസില്‍ അമ്മ ഉള്‍പ്പെടെ 11 സാക്ഷികളുടെ മൊഴിയും 10 രേഖകളും കോടതി തെളിവാക്കി.

കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമത്തില്‍നിന്നുള്ള സംരക്ഷണ നിയമപ്രകാരം (പോക്‌സോ) ജില്ലയില്‍ ആദ്യമായി വിചാരണചെയ്ത് ശിക്ഷിക്കുന്ന കേസാണിത്. ബലാത്സംഗ കുറ്റത്തിനും ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് പോക്‌സോ പ്രത്യേക കോടതിയുടെ ചുമതലുള്ള ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു.

പോക്‌സോ നിയമപ്രകരം ഒരു ലക്ഷം രൂപയും ബലാത്സംഗ കുറ്റത്തിന് ഒരു ലക്ഷം രൂപയും വീതം പിഴയും കോടതി ശിക്ഷിച്ചിട്ടുണ്ട്. ഈ തുക അച്ഛന്‍ മകള്‍ക്ക് നല്‍കണം. പോക്‌സോ നിയമപ്രകാരം മൂന്നു ലക്ഷം രൂപ പെണ്‍കുട്ടിക്ക് മൂന്നു മാസത്തിനകം നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കാനും കോടതി നിര്‍ദേശം ഉണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.