Latest News

കണ്ണൂര്‍ സ്വദേശിനിയെ വെട്ടിക്കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന ജീവപര്യന്തം പ്രതി മരിച്ചു

തളിപ്പറമ്പ്: ആലക്കോട് രയരോം സ്വദേശിനി വട്ടമല ഏലിക്കുട്ടിയെ(70)മംഗലാപുരത്തെ ലോഡ്ജില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതി ജീവപര്യന്തം തടവുശിക്ഷക്കിടയില്‍ ധാര്‍വാഡ് സെന്‍ട്രല്‍ ജയിലില്‍ മരിച്ചു. തളിപ്പറമ്പ് കാനൂല്‍ മുണ്ടപ്രത്തെ കൂരാംകുന്നില്‍ രവി (65)ആണ് മരിച്ചത്.[www.malabarflash.com]

2014 ജനുവരി 17 ന് മംഗലാപുരം നവരത്‌ന ലോഡ്ജില്‍വെച്ചാണ് രവി ഏലിക്കുട്ടിയെ കൊലപ്പെടുത്തിയത്. മൃതദേഹം ലോഡേജില്‍ ഉപേക്ഷിച്ച് പട്ടുവം കുഞ്ഞിമതിലകത്തെ വീട്ടിലെത്തിയ രവിയെ ലോഡ്ജിലെ സിസിടിവി ദൃശ്യത്തിലൂടെയാണ് തിരിച്ചറിഞ്ഞത്.

മംഗലാപുരം പോലീസ് തളിപ്പറമ്പിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ദീര്‍ഘകാലം തളിപ്പറമ്പില്‍ ബസ് കണ്ടക്ടറായി ജോലി നോക്കിയിരുന്ന രവി നേരത്തെ ആലക്കോട് അരങ്ങത്തെ സുഭദ്രയേയും പിന്നീട് പട്ടുവത്തെ ദേവിയേയും വിവാഹം ചെയ്തിരുന്നു. പട്ടുവത്ത് വീട്ടിനോട് ചേര്‍ന്ന് ചെറുകിട കച്ചവടം നടത്തിവരുന്നതിനിടയിലാണ് കൊലക്കേസില്‍ പ്രതിയായത്. 2017 ജനുവരിയിലാണ് രവിയെ ദക്ഷിണ കാനറാ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

തടവ് അനുഭവിച്ചുവരുന്നതിനിടയില്‍ തിങ്കളാഴ്ച്ച ജയിലില്‍ വെച്ച് പക്ഷാഘാതം അനുഭവപ്പെട്ട രവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെട്ടതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. മക്കള്‍: ഗീതു, സുനില. മരുമക്കള്‍: കിഷോര്‍(പുളിമ്പറമ്പ്), രാഗേഷ്(കുറുമാത്തൂര്‍). സഹോദരങ്ങള്‍: കല്യാണി, ജാനകി, കമല, കൃഷ്ണന്‍. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.