കുറ്റിക്കോല്‍: ഞായറാഴ്ച ആല്‍ഫിമാര്‍ട്ടിന്റെ 17-ാം പിറന്നാളായിരുന്നു. ആസ്പത്രി കിടക്കയില്‍ ആഘോഷങ്ങളില്ലാതെ പിറന്നാള്‍ കടന്നുപോയി; പിന്നാലെ അവളും.[www.malabarflash.com]
കരിവേടകത്തെ ആലുങ്കാല്‍ മാര്‍ട്ടിന്റെയും മിനിയുടെയും മകളാണ് ആല്‍ഫി. ഇരിയണ്ണി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ആല്‍ഫി സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങാന്‍ ഇരിയണ്ണിയില്‍ ബസ് കാത്തുനില്‍ക്കെ ആഗസ്ത് രണ്ടിനാണ് കാര്‍ ഇടിച്ചത്. ഡ്രൈവിങ്ങ് പഠിക്കുകയായിരുന്നവരാണ് അപകടം വരുത്തിയത്.
കാര്‍ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഓടിക്കയറുകയായിരുന്നു. കൂട്ടുകാരി അല്‍സില റോസക്കും പരിക്കേറ്റിരുന്നു. മൂന്ന് മാസമായി മംഗളൂരു യൂണിറ്റി ആസ്പത്രിയില്‍ മരണത്തോട് മല്ലിട്ട് കഴിയുകയായിരുന്നു ആല്‍ഫി.
ആല്‍ഫിയുടെ ചികിത്സക്കായി നാട്ടുകാരും പി.ടി.എയും അധ്യാപകരും സമിതി രൂപീകരിച്ചിരുന്നു. പ്രാര്‍ത്ഥനകളുമായി കഴിയുകയായിരുന്നു ഒരു നാട് മുഴുവന്‍. തിങ്കളാഴ്ച വൈകിട്ടാണ് മരണം. തലക്കേറ്റ പരിക്കാണ് മരണകാരണം.
വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പലതവണ ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം കരിവേടകത്തേക്ക് കൊണ്ടുപോയ മൃതദേഹം കരിവേടകം സെന്റ്‌മേരീസ് ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിച്ചു.
സഹോദരങ്ങള്‍: അനുഷ, അഗസ്റ്റിന്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍).
No comments:
Post a Comment