Latest News

നാല് കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശിയും വാങ്ങാനെത്തിയ നാലുപേരും ബഹ്‌റൈനില്‍ പിടിയില്‍

ബഹ്‌റൈന്‍: നെടുമ്പാശേരി വിമാനത്താവളം വഴി ബഹ്‌റൈനിലേക്ക് കടത്തിയ നാല് കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശിയായ യുവാവിനെ ബഹ്‌റൈന്‍ കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തു.[www.malabarflash.com] 

തളങ്കര സ്വദേശിയും ആസാദ് നഗറില്‍ താമസക്കാരനുമായ മുപ്പത്തിരണ്ടുകാരനാണ് പിടിയിലായത്. കഞ്ചാവ് വാങ്ങാനായി കാത്തുനിന്ന നാല് കാസര്‍കോട് സ്വദേശികളും പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സംഭവം. 

യുവാവിന്റെ ബാഗേജ് ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ വിശദമായി പരിശോധിച്ചപ്പോള്‍ അച്ചാര്‍ കുപ്പികളിലും മിക്‌സച്ചര്‍ പാക്കറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. നാല് പേര്‍ വിമാനത്തവളത്തിന് പുറത്ത് യുവാവിനെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പിടിയിലായ യുവാവ് ഏജന്റാണെന്ന് കരുതുന്നു. 

കാസര്‍കോട് നിന്ന് ഗള്‍ഫിലേക്ക് കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട് നിരവധി പേര്‍ ഇപ്പോള്‍ തന്നെ ഗള്‍ഫിലെ വിവിധ ജയിലില്‍ കഴിയുന്നുണ്ട്. ഒരു കിലാ കഞ്ചാവിന് കേരളത്തില്‍ 12,000 രൂപ മുതല്‍ 20,000 രൂപ വരേയാണ് വില. ഗള്‍ഫില്‍ എത്തിച്ചാല്‍ കിലോവിന് രണ്ടര ലക്ഷത്തിലധികം രൂപ ലഭിക്കുന്നുവെന്നതാണ് പലരേയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്. 

ഏജന്റുമാര്‍ വഴിയാണ് കഞ്ചാവ് മാഫിയകള്‍ ഗള്‍ഫിലേക്ക് കഞ്ചാവ് കടത്തുന്നത്. വിമാന ടിക്കറ്റും അര ലക്ഷം രൂപയുമാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ ഭവിഷ്യത്ത് അറിയാതെ യുവാക്കള്‍ പണം മോഹിച്ച് ചതിയില്‍പ്പെടുകയാണ്. ഇത്തരത്തില്‍ നിരവധി യുവാക്കള്‍ ഗള്‍ഫിലെ ജയിലില്‍ കഴിയുന്നുണ്ട്. പല കുടുംബങ്ങള്‍ക്കും ഇതറിയുന്നില്ല. 

ഇത് കൂടാതെ ഗള്‍ഫില്‍ പോകുന്നവരുടെ കയ്യില്‍ അവരറിയാതെ കഞ്ചാവ് നല്‍കുന്നവരുമുണ്ട്. പലഹാരങ്ങളിലും മറ്റും കുടുംബക്കാര്‍ക്ക് നല്‍കണമെന്ന വ്യാജേനയാണ് ഇത്തരം വഞ്ചന നടത്തുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.