ബേക്കല്‍ എട്ടുകോടി രൂപയുടെ പഴയ നോട്ടുകള്‍ വാങ്ങി പുതിയ നോട്ടുകള്‍ നല്‍കാനെത്തിയ മലപ്പുറം സ്വദേശികളായ നാലുപേരെ ചോദ്യം ചെയ്ത പോലീസ് ഒന്ന് ഞെട്ടി.[www.malabarflash.com]
പഴയ ഒരു കോടി രൂപയുടെ നോട്ടുകള്‍ കൊടുത്താല്‍ പുതിയ 20 ലക്ഷം രൂപയുടെ നോട്ടുകള്‍ നല്‍കാമെന്നാണ് സംഘം പറയുന്നത്. പഴയ നോട്ടുകള്‍ എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ വാങ്ങാന്‍ ആളുണ്ടെന്നാണ് ഇവരുടെ മറുപടി.
മലപ്പുറം, ഇരിട്ടി, കൊയിലാണ്ടി, പെരിന്തല്‍മണ്ണ സ്വദേശികളാണ് പോലീസ് പിടിയിലായത്. ബേക്കല്‍ കോട്ടയില്‍ തമ്മില്‍ തര്‍ക്കിക്കുന്നതിനിടയില്‍ നാട്ടുകാരാണ് ഇവരെ പിടിച്ച് പോലീസിന് നല്‍കിയത്.
8 കോടി രൂപയുടെ പഴയ നോട്ടുകള്‍ നല്‍കാനും അത് ഒരു കോടി 60 ലക്ഷം രൂപക്ക് വാങ്ങാനും ഇടപാടുകാരെ ശരിയാക്കി മനക്കോട്ടകള്‍ കെട്ടിനില്‍ക്കെയാണ് നാലുപേരും നാട്ടുകാരുടെ പിടിയിലാവുന്നത്. ലാഭവിഹിതം ഷെയര്‍ ചെയ്യുന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ വിവരം നാട്ടുകാരുടെ ചെവിയിലുമെത്തി. അവര്‍ വളഞ്ഞുപിടിച്ച് പോലീസിന് നല്‍കി. എട്ടുകോടി വില്‍ക്കാന്‍ ഒരുങ്ങിയവരും ഒരു കോടി 60 ലക്ഷം രൂപക്ക് അത് വാങ്ങാന്‍ ശ്രമിച്ചവരും ഇത് മണത്തറഞ്ഞ് തടിതപ്പി.
സുപ്രിംകോടതിയില്‍ ചില ഹരജികള്‍ നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരവസരം ലഭിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ചിലരെ പറഞ്ഞു പറ്റിക്കുന്നത്. വന്‍ലാഭം കണക്കുകൂട്ടി പഴയ നോട്ടുകള്‍ വാങ്ങിക്കൂട്ടാന്‍ ഇതാണ് കാരണം.
കൂടാതെ മറ്റൊരു കഥ കൂടി സംഘം പ്രചരിപ്പിക്കുന്നുണ്ട്. ചില റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഇപ്പോഴും രഹസ്യമായി പണം മാറ്റി നല്‍കാന്‍ തയ്യാറാണെന്നാണ് ഇവര്‍ പറയുന്നത്. പഴയ നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ എപ്പോള്‍ വേണമെങ്കിലും മാറ്റിയെടുക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് സംഘം പറയുന്നത്.
രണ്ട് കാര്യത്തിലും പോലീസിന് വിശ്വാസമില്ലെന്ന് ബേക്കല്‍ സി.ഐ. വിശ്വംഭരന്‍ പറഞ്ഞു. എങ്കിലും പഴയ നോട്ടുകളുടെ കച്ചവടം ഇപ്പോഴും നടക്കുന്നതായി പോലീസ് സമ്മതിക്കുന്നു. നോട്ട് നിരോധനത്തിന് ശേഷം മലപ്പുറം ജില്ലയില്‍ 20 കോടിയുടെ പഴയനോട്ടുകളാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. ഇരുതലമൂരി, വെള്ളിമൂങ്ങ കച്ചവടം പോലെയുള്ള ഒരു ഇടപാട് മാത്രമാണ് പഴയ നോട്ടെന്നാണ് പോലീസിന്റെ വാദം.
No comments:
Post a Comment