Latest News

ഭർത്താവിനൊപ്പം പോകണം, നീതി വേണം: ഹാദിയ

കൊച്ചി: ഷെഫിൻ ജഹാൻ തന്റെ ഭർത്താവാണെന്നും ആരുടെയും സമ്മർദത്തിനു വഴങ്ങിയല്ല താൻ വിവാഹം കഴിച്ചതെന്നും ഹാദിയ. സുപ്രീം കോടതിയിൽ ഹാജരാകാൻ ഡൽഹിയിലേക്കു പോകാനായി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഹാദിയ.[www.malabarflash.com] 

‘എനിക്കു നീതി ലഭിക്കണം. ഭർത്താവിനൊപ്പം പോകണമെന്നാണ് ആഗ്രഹം. സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്‌ലാം സ്വീകരിച്ചത്’–ഹാദിയ പറഞ്ഞു. കനത്ത പൊലീസ് കാവലിൽ ഉച്ചകഴിഞ്ഞു മൂന്നരയോടെ വിമാനത്താവളത്തിലെത്തിയ ഹാദിയ മാധ്യമങ്ങളോടു സംസാരിക്കുന്നതു തടയാൻ പോലീസ് ശ്രമിച്ചു. വിമാനത്താവളത്തിൽ പ്രത്യേക മുറിയിലാണു ഹാദിയയെ ഇരുത്തിയത്. വിമാനത്തിലെ അവസാന യാത്രക്കാരിയായാണു ഹാദിയയെ കയറ്റിയത്.

പിതാവ് അശോകൻ, മാതാവ് പൊന്നമ്മ എന്നിവരും കടുത്തുരുത്തി സിഐ കെ.പി. തോംസന്റെ നേതൃത്വത്തിൽ വനിതാ പോലീസ് അടക്കം അഞ്ചംഗ പോലീസ് സംഘവും കൂടെയുണ്ട്. തിങ്കളാഴ്ച സുപ്രീം കോടതിയിൽ ഹാജരാക്കും. നേരത്തേ പോലീസ് രഹസ്യാന്വേഷണ വിഭാഗം ഹാദിയ യാത്ര ചെയ്യുന്ന വിമാനത്തിലെ യാത്രക്കാരുടെ പട്ടിക പരിശോധിച്ചിരുന്നു.

ഹാദിയയുടെ വൈക്കം ടിവിപുരത്തെ വീട്ടിൽ രാവിലെതന്നെ വലിയ മാധ്യമസംഘം എത്തിയിരുന്നു. വിമാനത്താവളത്തിലേക്കു പുറപ്പെടുന്ന സമയം പോലീസ് വെളിപ്പെടുത്തിയിരുന്നില്ല. ഉച്ചയ്ക്കു രണ്ടോടെ അടച്ചിട്ട ഗേറ്റിനുള്ളിൽ നാലു പോലീസ് വാഹനങ്ങൾ തയാറായി. നടുവിലെ വാഹനത്തിൽ ഹാദിയയും കുടുംബാംഗങ്ങളും കയറി.

24നു ട്രെയിനിൽ ഡൽഹിക്കു പോകാനാണു നേരത്തേ തീരുമാനിച്ചത്. സുരക്ഷാ കാരണങ്ങളാൽ യാത്ര വിമാനത്തിലാക്കുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.