Latest News

കള്ളപ്പണം: കേന്ദ്രമന്ത്രി, ബി.ജെ.പി നേതാവ്, അമിതാഭ് ബച്ചൻ അടക്കം 714 ഇന്ത്യക്കാരുടെ വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി∙ നവംബർ എട്ട് കള്ളപ്പണവിരുദ്ധ ദിനമായി കേന്ദ്രസർക്കാർ ആചരിക്കാനിരിക്കെ നികുതി വെട്ടിച്ചു വിദേശത്തു ശതകോടികള്‍ നിക്ഷേപിച്ച ഇന്ത്യന്‍ കോര്‍പറേറ്റുകളുടെയും വ്യക്തികളുടെയും വിവരങ്ങള്‍ പുറത്തുവന്നു.[www.malabarflash.com]

 ‘പാരഡൈസ് പേപ്പർ’ എന്നറിയപ്പെടുന്ന പുതിയ വിവാദ രേഖയിൽ ബിജെപി, കോണ്‍ഗ്രസ് നേതാക്കളും ബന്ധുക്കളും ലാവ്‍ലിന്‍ തുടങ്ങിയ കമ്പനികളും ഉൾപ്പെട്ടിട്ടുണ്ട്.

വ്യോമയാന വകുപ്പ് സഹമന്ത്രി ജയന്ത് സിൻഹ, ബിജെപി എംപി ആർ.കെ. സിൻഹ, കോൺഗ്രസ് നേതാവ് വയലാർ രവിയുടെ മകൻ രവികൃഷ്ണ, ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ, സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്ത് എന്നിവരാണു പട്ടികയിൽ ഇടംനേടിയ പ്രമുഖർ. 

പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സ്ഥാനചലനത്തിനുവരെ കാരണമായ പാനമ പേപ്പർ വിവാദത്തിനു പിന്നാലെയാണ് ഗുരുതരമായ ആരോപണം പുറത്തുവന്നിരിക്കുന്നത്.

ജർമൻ പത്രമായ സെഡ്യൂസെ സിറ്റിങ്ങും അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ രാജ്യാന്തര സംഘടനയും 96 കമ്പനികളുമായി ചേർന്നു നടത്തിയ പരിശോധനയിലാണ് തട്ടിപ്പു വെളിപ്പെട്ടിട്ടുള്ളത്. ബർമുഡ നിയമസ്ഥാപനമായ ആപ്പിൾബൈയിൽ നിന്നുള്ള വിവരങ്ങളാണ് കൂടുതലും അന്വേഷണ വിധേയമാക്കിയത്. 119 വർഷത്തെ പാരമ്പര്യമുള്ള കമ്പനി രാജ്യാന്തര തലത്തിൽ അഭിഭാഷകർ, അക്കൗണ്ടന്റുമാർ, ബാങ്കുകൾ തുടങ്ങിയവയുടെ സഹായത്തോടെ പ്രവർത്തിക്കുകയാണ്. നികുതി വെട്ടിപ്പ്, റിയൽ എസ്റ്റേറ്റ്, എസ്ക്രോ അക്കൗണ്ടുകൾ, വിമാനങ്ങൾ വാങ്ങുക, കുറഞ്ഞ നികുതി അടയ്ക്കാൻ സഹായിക്കുക എന്നിവയാണ് കമ്പനിയുടെ ലക്ഷ്യം.

ഞായറാഴ്ച അർധരാത്രിയാണ് ലോകത്തെ ആകെ ഞെട്ടിക്കുന്ന 13.4 ദശലക്ഷം രേഖകൾ പുറത്തുവന്നത്. നിയമസ്ഥാപനമായ ആപ്പിൾബൈയിലെ ഉപഭോക്താക്കളിൽ കൂടുതലും ഇന്ത്യക്കാരായ കള്ളപ്പണക്കാരാണ്. 180 രാജ്യങ്ങളുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയതിൽ, 19–ാം സ്ഥാനത്താണ് ഇന്ത്യയെന്ന് ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടു ചെയ്യുന്നു. 714 ഇന്ത്യക്കാരാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്.

കള്ളപ്പണം ഇല്ലാതാക്കാൻ നോട്ട് അസാധുവാക്കൽ കൊണ്ടുവന്ന മോദി സർക്കാരിന് തിരിച്ചടിയാകുന്ന തരത്തിൽ ബിജെപി നേതാക്കളുടെ പേരുകളും പാരഡൈസ് പേപ്പറുകളിലുൾപ്പെടുന്നു. കേന്ദ്രമന്ത്രി ജയന്ത് സിൻഹ മാനേജിങ് ‍ഡയറക്ടറായ ഓമിധ്യാർ നെറ്റ്‌വർക്ക് യുഎസ് കമ്പനിയായ ‍ഡി ലൈറ്റ് ഡിസൈനിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

സൺ ടിവി– എയർസെൽ– മാക്സിസ് കേസിലുൾപ്പെട്ട കമ്പനി, ടുജി അഴിമതിയിലുൾപ്പെട്ട എസ്സാർ ലൂപ്പ്, വിവാദമായ എസ്എൻസി ലാവ്‌ലിൻ, രാജസ്ഥാൻ അഴിമതിക്കേസിലുൾപ്പെട്ട സിക്വിസ്റ്റ ഹെൽത്ത് കെയർ (സച്ചിൻ പൈലറ്റ്, കാർത്തി ചിദംബരം എന്നിവരായിരുന്നു ഇതിന്റെ ഡയറക്ടർമാർ) എന്നിവയും വൈഎസ്ആർ കോൺഗ്രസ് നേതാവ് വൈ.എസ്.ജഗമോഹൻ റെ‍ഡ്‍‍ഡി തുടങ്ങിയവരുടെ പേരും പുറത്തുവിട്ട രേഖകളിലുൾപ്പെടുന്നു.

അപ്പോളോ ടയേഴ്സ്, ജിൻഡാൽ സ്റ്റീൽസ്, ഹാവെൽസ്, ഹിന്ദുജ, എമാർ എംജിഎഫ്, വിഡിയോകോൺ, ഡിഎസ് കൺസ്ട്രക്ഷൻ, ഹിരാനന്ദനി ഗ്രൂപ്പ്, 9000 കോടി വായ്പയെടുത്തു മുങ്ങിയ വിജയ് മല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്സ്, ജിഎംആർ ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ കോർപ്പറേറ്റുകളുടെ പേരും പുറത്തുവന്ന രേഖകളിൽ ഉൾപ്പെട്ടിട്ടുണ്ട്.

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി, കൊളംബിയൻ പ്രസിഡന്റ് ഷാൻ മാനുവല്‍ സാന്റോസ്, ഗായകരായ ബോണോ, മഡോണ, യുഎസ് കൊമേഴ്സ് സെക്രട്ടറി വിൽബുർ റോസ്, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്നിവരുടെ പേരും രേഖകളിലുൾപ്പെട്ടിട്ടുണ്ട്. റഷ്യൻ പ്രസിഡന്റ് വാൾഡിമർ പുടിന്റെ മരുമകന്റെ കമ്പനിയിൽ റോസിനു നിക്ഷേപമുള്ളതായാണു കണ്ടുപിടിത്തം. റഷ്യയിൽനിന്നുള്ള ഗ്യാസിന്റെയും പെട്രോ കെമിക്കൽ ഷിപ്പിങ് കമ്പനിയായ നാവിഗേറ്റർ ഹോൾഡിങ്ങിലാണ് റോസ് നിക്ഷേപം നടത്തിയിട്ടുള്ളത്.

ബ്രിട്ടനിലെ സ്വകാര്യ എസ്റ്റേറ്റിന്റെ സാമ്പത്തിക കണക്കുകളിൽ തട്ടിപ്പിനായി എലിസബത്ത് രാജ്ഞി ആപ്പിൾബൈയിൽ നിക്ഷേപം നടത്തിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 84 കോടിയിലധികം വരുന്ന തുക കേമാൻ ദ്വീപിലും ബർമുഡയിലുമായി നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. യുഎഇയുടെ ചാരവിമാനം വാങ്ങലും സദ്ദാം ഹുസൈനുവേണ്ടി കനേഡിയൻ എൻജിനിയറുടെ ആയുധക്കമ്പനിയായ സൂപ്പർ ഗൺ ഉണ്ടാക്കാനുള്ള ശ്രമവും രഹസ്യവിവരങ്ങളുടെ വിശദാംശങ്ങളിലുണ്ട്.

2013ൽ ബ്രിട്ടിഷ് വിർജിൻ ദ്വീപുകളില്‍ കള്ളപ്പണം സൂക്ഷിച്ചിട്ടുള്ള 612 ഇന്ത്യക്കാരുടെ പേരുകളും ജനീവ എച്ച്എസ്ബിസി ബാങ്കിൽ അക്കൗണ്ടുള്ളവരുടെ പട്ടിക പാനമ രേഖകളിലൂടെയും ഐസിഐജെ നേരത്തെ പുറത്തുവിട്ടിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.