Latest News

ഖാസിയുടെ വധം; കാസര്‍കോട് പ്രതിഷേധം ഇരമ്പി

കാസര്‍കോട്: ചെമ്പരിക്ക- മംഗളൂരു ഖാസിയായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത അകറ്റുക, കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ ഹാജരാക്കുക, സി.എം. ഉസ്താദിന്റെ കുടുംബത്തോട് നീതി കാണിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സി.എം. ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പ്രതിഷേധമിരമ്പി. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തില്‍ നിരവധിപേര്‍ അണിനിരന്നു.[www.malabarflash.com]

കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സമര കാഹളം ഉയര്‍ത്തി കൂട്ടായ്മയും സംഘടിപ്പിച്ചു. സി.എം. ഉസ്താദിന്റെ മരണത്തിലെ ദുരൂഹത എത്രയും പെട്ടെന്ന് അകറ്റണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് അബൂബക്കര്‍ സിദ്ദീഖ് നദ്‌വിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം ആക്ഷന്‍ കമ്മിറ്റി പ്രസിഡണ്ട് ഡോ. ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഖാസി ത്വാഖാ അഹ്മദ് മൗലവി അല്‍ അസ്ഹരി മുഖ്യാതിഥിയായിരുന്നു.

ഇബ്രാഹിം ഫൈസി ജെഡിയാര്‍ (എസ്‌കെഎസ്എസ്എഫ്), അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ (എസ്‌വൈഎസ്), അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ (ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍), ആരിഫ് ദാരിമി (എസ്‌കെഎസ്എസ്എഫ്), എം.സി. ഖമറുദ്ദീന്‍ (മുസ്ലീം ലീഗ്), അസീസ് കടപ്പുറം (ഐഎന്‍എല്‍), സ്വാമി വര്‍ക്കലരാജ് (പിഡിപി), മുഹമ്മദ് പാക്യാര (എസ്ഡിപിഐ), അബ്ദുല്ല ഖാസിയാറകം, ഉബൈദുല്ല കടവത്ത് (ആര്‍എസ്പി), സിഎംഎ ജലീല്‍, മുഹമ്മദ് ശാഫി (ജമാഅത്തെ ഇസ്‌ലാമി), ഷാഫി സുഹ്‌രി (സോഷ്യല്‍ ജസ്റ്റിസ് ഫോറം), സൈഫുദ്ദീന്‍ മാക്കോട്, യൂനുസ് തളങ്കര, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, അബ്ദുല്ല മുസ്‌ലിയാര്‍ ചെമ്പരിക്ക, ശംസുദ്ദീന്‍ ചെമ്പരിക്ക, ശാഫി സി.എം ചെമ്പരിക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു.

ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ പി.എം. സുബൈര്‍ പടുപ്പ് സ്വാഗതവും ആക്ഷന്‍ കമ്മിറ്റി വര്‍ക്കിംഗ് ജനറല്‍ കണ്‍വീനര്‍ ഇ. അബ്ദുല്ലക്കുഞ്ഞി നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.