Latest News

ഗുജറാത്തില്‍ ബിജെപിക്ക് വേണ്ടി മത്സരിക്കാന്‍ മുസ്ലീം നേതാക്കള്‍ രംഗത്ത്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ തയ്യാറായി മുസ്ലീം സമുദായത്തില്‍ നിന്ന് കൂടുതല്‍ ആളുകള്‍ എത്തുന്നതായി റിപ്പോര്‍ട്ട്. ബിജെപി ന്യൂനപക്ഷ മോര്‍ച്ച മുസ്ലീം വിഭാഗങ്ങള്‍ക്കായി അസംബ്ലി സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍.[www.malabarflash.com] 

ഗുജറാത്തിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ നിരവധിപേര്‍ തയ്യാറായിട്ടുണ്ടെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ജമല്‍പുര്‍-ഖദിയ, വെജല്‍പുര്‍, വഗ്ര, വങ്കാനെര്‍, ഭുജ്, അബ്ദസ സീറ്റുകളാണ് മുസ്ലീം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനായി ന്യൂനപക്ഷമോര്‍ച്ച ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.

2010ലെ ഗുജറാത്ത് തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ നിരവധി മുസ്ലീം സ്ഥാനാര്‍ഥികളെ ബിജെപി മത്സരിപ്പിച്ചിരുന്നു. 2015 ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ നഗരപ്രദേശങ്ങളില്‍ 350 മുസ്ലീം സ്ഥാനാര്‍ഥികളെ ജയിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചു. അതിനാല്‍ മുസ്ലീങ്ങള്‍ക്ക് ബിജെപിക്കുവേണ്ടി മത്സരിച്ച് വിജയിക്കാന്‍ സാധിക്കുമെന്നാണ് ഗുജറാത്ത് ന്യൂനപക്ഷമോര്‍ച്ചയുടെ ചുമതലക്കാരനായ മെഹബൂബ് അലി ചിസ്തി പറയുന്നത്.

അടുത്തിടെ നടന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ നിരവധി മുസ്ലീം സമുദായ നേതാക്കളും വ്യവസായികളും ബിജെപിക്കുവേണ്ടി മത്സരിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. കെട്ടിട നിര്‍മാണ രംഗത്തുള്ള ഉസ്മാന്‍ ഗഞ്ചി, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ എ.ഐ സയീദ് തുടങ്ങിയ പ്രമുഖര്‍ ഉദാഹരണം. ഉസ്മാന്റെ സ്ഥാനാര്‍ഥിത്വത്തിന് സമുദായ നേതൃത്വത്തിന്റെ പിന്തുണയുമുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നത്.

2011 ല്‍ മുഖ്യമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തിയപ്പോള്‍ ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ 'സദ്ഭാവന' എന്ന പേരില്‍ ബിജെപി പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ 2012 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഒരു മുസ്ലീം സ്ഥാനാര്‍ഥിയെപ്പോലും മത്സരിപ്പിച്ചില്ല. എന്നാല്‍ കാര്യങ്ങള്‍ മാറിവരുന്നുവെന്നാണ് സൂചനകള്‍. ബിജെപിക്കുവേണ്ടി മത്സരിക്കാന്‍ തയ്യാറായി ആളുകള്‍ മുന്നോട്ടുവരുന്നത് ന്യൂനപക്ഷങ്ങള്‍ ബിജെപിയോട് അടുക്കുന്നുവെന്നതിന്റെ സൂചനയായാണ് പാര്‍ട്ടി കാണുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.