Latest News

ജിഷ വധം: ഭര്‍തൃസഹോദരനും ഭാര്യയും പ്രതികളായി

കാഞ്ഞങ്ങാട്: മടിക്കൈ ജിഷ വധക്കേസില്‍ ഭര്‍തൃസഹോദരനെയും ഭാര്യയെയും സ്വമേധയാ പ്രതിയാക്കാന്‍ ജില്ലാ സെഷന്‍സ് ജഡ്ജ് സോനു എം പണിക്കര്‍ ഉത്തരവിട്ടു.[www.malabarflash.com] 

കക്കാട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത ഗള്‍ഫുകാരന്‍ കുറുവാട്ട് വീട്ടില്‍ രാജേന്ദ്രന്റെ ഭാര്യ ജിഷ(25)യെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ഭര്‍തൃസഹോദരന്‍ ചന്ദ്രന്‍, ഭാര്യ ലേഖ എന്നിവരെ കൂടി പ്രതിചേര്‍ക്കാന്‍ ഉത്തരവിട്ടത്. ഇതോടെ കേസന്വേഷിച്ച ക്രൈംബ്രാഞ്ചിനും ലോക്കല്‍ പോലീസിനും കനത്ത തിരിച്ചടിയായി.
2012 ഫെബ്രുവരി 19ന് രാത്രി 8 മണിയോടെയാണ് ജിഷ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുവേലക്കാരന്‍ ഒറീസ കട്ടക്ക് സ്വദേശി മദനന്‍ എന്ന മധു (23)വിനെ കേസന്വേഷിച്ച അന്നത്തെ നീലേശ്വരം സിഐ സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് നാട്ടുകാരുടെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. 

കേസില്‍ കോടതി പ്രതിയാക്കാന്‍ ഉത്തരവിട്ട ജിഷയുടെ ഭര്‍ത്താവ് രാജേന്ദ്രന്റെ സഹോദരന്‍ ചന്ദ്രന്റെ മടിക്കൈ എരിക്കുളത്തെ എസ് എം മെറ്റല്‍സിലെ തൊഴിലാളിയായ മദനനെ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായ പിതാവും പ്രമുഖ കരാറുകാരനായിരുന്ന കുഞ്ഞിക്കണ്ണന്‍ നായരെ ശുശ്രൂഷിക്കാനായിട്ടാണ് വീട്ടിലാക്കിയത്.
സംഭവ ദിവസം സന്ധ്യക്ക് അടുക്കളയില്‍ പപ്പടം കാച്ചുകയായിരുന്ന ലേഖ കുഞ്ഞ് കരയുന്നതുകേട്ട് ബെഡ്‌റൂമിലേക്ക് പോയപ്പോള്‍ ജിഷ അടുക്കളയില്‍ കയറിയപ്പോഴാണ് വീട്ടിലെ വൈദ്യുതി ബന്ധം വിഛേദിച്ച് മദനന്‍ ജിഷയെ കഠാര കൊണ്ട് കുത്തി കൊലപ്പെടുത്തി ഓടി രക്ഷപ്പെട്ടത്.
ജില്ല മുഴുവന്‍ മദനനായി പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ടാം ദിവസമാണ് കൊല നടന്ന വീടിന്റെ ടെറസ്സില്‍ നിന്നും മദനനെ പിടികൂടിയത്. അതുകൊണ്ട് തന്നെ കൊലപാതകത്തില്‍ വീട്ടുകാര്‍ക്കും ബന്ധമുണ്ടെന്ന് അന്നുതന്നെ ജിഷയുടെ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം അന്വേഷണ സംഘത്തോട് പരാതിപ്പെട്ടിരുന്നെങ്കിലും മദനന്‍ മാത്രമാണ് പ്രതിയെന്ന നിലപാടിലായിരുന്നു പോലീസ്.
പിന്നീട് മുന്‍ എംഎല്‍എ എം കുമാരന്‍ ചെയര്‍മാനും സാബു അബ്രഹാം കണ്‍വീനറുമായി നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് രംഗത്ത് വന്നു. ആക്ഷന്‍ കമ്മിറ്റിയുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചെങ്കിലും ക്രൈംബ്രാഞ്ചും പോലീസ് അന്വേഷണത്തെ സ്ഥിരീകരിക്കുകയായിരുന്നു. 

ഒടുവില്‍ വിചാരണയുടെ തുടക്കത്തില്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എം അബ്ദുല്‍സത്താര്‍ ചന്ദ്രനെയും ലേഖയെയും പ്രതിയാക്കാന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചുവെങ്കിലും കോടതി ഈ ആവശ്യം നിരാകരിക്കുകയായിരുന്നു.
വിചാരണ പുരോഗമിച്ചതോടെയാണ് ഗവ.പ്ലീഡറുടെ ആവശ്യം ന്യായമാണെന്ന് കണ്ടെത്തി കോടതി ഇരുവരെയും പ്രതിചേര്‍ക്കാന്‍ നിര്‍ണായകമായ ഉത്തരവ് നല്‍കിയത്. 

ഇതോടെ കേസില്‍ പുനര്‍ അന്വേഷണം നടത്തുകയും കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് ചന്ദ്രനെയും ലേഖയെയും അറസ്റ്റ് ചെയ്യേണ്ടിയും വരും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.