Latest News

ദമ്പതികളുടെ തിരോധാനം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹബീബയുടെ ബന്ധുക്കള്‍

കോട്ടയം: കുമ്മനത്തെ ദമ്പതികളുടെ തിരോധാനക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കാണാതായ ഹബീബയുടെ ബന്ധുക്കള്‍. ഏഴുമാസമായി നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും കേസ് അട്ടിമറിക്കുവാന്‍ ശ്രമമുണ്ടെന്നും സഹോദരന്മാരായ ഷിഹാബും ഇസ്മായിലും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.[www.malabarflash.com] 

കേസ് ആത്മഹത്യയാക്കി മാറ്റാനുള്ള നീക്കമാണ് അന്വേഷണസംഘത്തിന്റെത്. വെള്ളത്തിലെ പരിശോധനകള്‍ പ്രഹസനമാണ്. രണ്ടു ദിവസംകൊണ്ടു പൂര്‍ത്തിയാക്കിയ ഇടുക്കിയിലെ തെരച്ചലിലും തങ്ങള്‍ക്ക് വിശ്വാസമില്ല. തങ്ങളുടെ മൊഴി പരിഗണിക്കാതെയുള്ള അന്വേഷണമാണ് നടക്കുന്നത്.

ഹബീബയോടൊപ്പം കാണാതായ ഭര്‍ത്താവ് കുമ്മനം അറുപുറ ഓറ്റക്കണ്ടത്തില്‍ ഹാഷിമിന്റെ ചില ബന്ധുക്കളുടെ താല്‍പ്പര്യമനുസരിച്ചുള്ള അന്വേഷണമാണെന്നു സംശയിക്കുന്നു. ചില ബന്ധുക്കള്‍ ഹബീബയോട് മേശമായി പെരുമാറിയിരുന്നു. ഈ ദിശയിലേക്കൊന്നും അന്വേഷണം നീങ്ങിയിട്ടില്ല. ആരെയും ചോദ്യവും ചെയ്തിട്ടില്ല. ഹബീബയെ ഇല്ലാതാക്കാനുള്ള സാധ്യതയും തങ്ങള്‍ തള്ളിക്കളയുന്നില്ല. ദമ്പതികള്‍ ആത്മഹത്യ ചെയ്തതാവാമെന്ന പോലിസിന്റെ നിഗമനം ശരിയല്ല.

അന്വേഷണസംഘത്തിലുള്ള കോട്ടയം വെസ്റ്റ് സ്‌റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന റിജു മുഹമ്മദും ഹാഷിമിന്റെ സഹോദരീ ഭര്‍ത്താവ് അബ്ദുല്‍ സലാമും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഇതുസംബന്ധിച്ച് ഡിജിപിക്കും കോട്ടയം എസ്പിക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും അവര്‍ പറയുന്നു,

അന്വേഷണസംഘത്തിലെ ഒരു ഉദ്യോഗസ്ഥന് ഇവരുമായി അടുത്ത ബന്ധമാണുള്ളത്. ഇത് അന്വേഷണത്തെ സ്വാധീനിക്കുന്നതായി സംശയിക്കുന്നു. ഇദ്ദേഹത്ത സംഘത്തില്‍ നിന്നും ഓഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഹബീബക്കു മാനസികപ്രശ്‌നമുണ്ടായിരുന്നു എന്ന പ്രചരണം ശരിയല്ല.

ഉറക്കത്തില്‍ നിന്ന് വിളിച്ചാണ് ഏപ്രില്‍ ആറിന് ഭര്‍തൃപിതാവ് ഹബീബയെ ഹാഷിമിനൊപ്പം കാറില്‍ കയറ്റി വിട്ടത്. ഇതുസംബന്ധിച്ച് ഇദ്ദേഹത്തിന്റെ മൊഴിയും സത്യവിരുദ്ധമാണ്. സംഭവത്തിന് തലേന്ന് ഹാഷിം കടയില്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞത് കളവാണ്. അന്ന് ഇടുക്കി ജില്ലയിലായിരുവെന്ന് പോലിസ് കണ്ടെത്തി. ഹാഷിമിന്റെ ബന്ധുവിന് ഉടമസ്ഥതാ പങ്കാളിത്തമുള്ള പീരുമേട്ടിലെ റിസോര്‍ട്ടില്‍ എത്തിയോയെന്ന് അന്വേഷിക്കണം.

ഭര്‍തൃവീട്ടുകാര്‍ക്ക് ഹബീബയുടെ വീട്ടുകാരേക്കാള്‍ ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ളതിനാല്‍ വിവാഹത്തിനുശേഷം കുടുംബത്തില്‍ നിരന്തരമായി പ്രശ്‌നങ്ങളുണ്ടാവുമായിരുന്നു. ഹബീബയ്ക്ക് ഭര്‍തൃവീട്ടില്‍ കഴിയാനുള്ള യോഗ്യതയില്ലെന്ന് ഹാഷിമും സഹോദരിയും ഭര്‍ത്താവ് അബ്ദുല്‍ സലാമും പലതവണ ആക്ഷേപിച്ചിട്ടുണ്ട്. ഭാര്യയെ ഉപേക്ഷിക്കണമെന്ന് പലതവണ സലാം ഹാഷിമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ താല്‍പ്പര്യങ്ങള്‍ക്ക് ഹബീബ വിധേയയാവാത്തതായിരുന്നു അബ്ദുല്‍ സലാമിന്റെ വൈരാഗ്യത്തിന് കാരണം.

ഇക്കാര്യങ്ങള്‍ തങ്ങളോട് ഹബീബ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അബ്ദുല്‍ സലാമിനോട് ചോദിക്കുകയും ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നതാണ്. എന്നാല്‍, വീണ്ടും ഇത്തരം സംഭവങ്ങള്‍ തുടര്‍ന്നു. ഇവരുടെ തിരോധാനം സംബന്ധിച്ച് നിരവധി സംശയങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചതാണ്. രണ്ടുമാസമായിട്ടും കാര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നതും ഫോണ്‍ എടുക്കാതെ യാത്രക്കു പുറപ്പെട്ടതും ദുരൂഹമാണ്. ചില ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണിത്.

ഭക്ഷണം വാങ്ങാനാണ് ഇരുവരും കാറില്‍ പോയതെന്നുള്ള വീട്ടുകാരുടെ മൊഴി വിശ്വസനീയമല്ല. തിരോധാനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലില്‍ തങ്ങളെ സഹകരിപ്പിച്ചിട്ടില്ല. കേസ് ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നതായി സംശയമുണ്ടെന്ന് ഹാഷിമിന്റെ രണ്ടു സഹോദരന്മാര്‍ പറഞ്ഞിട്ടുണ്ട്.

ഇതിന്റെ ഫോണ്‍സംഭാഷണം പോലിസിന് കൈമാറിയിട്ടുണ്ട്. ചിലര്‍ സഹോദരന്മാരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കിയിരിക്കുകയാണ്. ഇവരെ കാണാതായതിന്റെ തലേദിവസം മസ്‌ക്കറ്റിലേക്ക് പോയ സലാം ഏഴാംതിയ്യതി തിരിച്ചെത്തിയതും സംശയിക്കപ്പെടേണ്ടതാണ്. ദമ്പതികള്‍ പുറത്തുപോയ ദിവസം രാത്രി സലാം ഗള്‍ഫില്‍നിന്ന് വിളിച്ച് ഇവര്‍ തിരിച്ചെത്തിയോയെന്ന കാര്യം അന്വേഷിച്ചെന്ന് മകള്‍ ഫിദ പറഞ്ഞിട്ടുണ്ട്.

അതുകൊണ്ടുതന്നെ മക്കളെകൗണ്‍സിലിങ്ങിന് വിധേയരാക്കണം.മക്കളുടെ ഇപ്പോഴത്തെ സംരക്ഷണവും സംശയകരമാണ്. കാണാതായതിന്റെ അടുത്തദിവസം രാവിലെയാണ് തങ്ങളെ വിവരമറിയിക്കുന്നത്. മുന്‍ ഡി.ജി.പി സെന്‍കുമാര്‍ ഇടപെട്ടിട്ടും അന്വേഷണം കാര്യക്ഷമമല്ലായിരുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. നീതിതേടി ഹൈക്കോടതിയെ സമീപിക്കാനും ആലോചിക്കുന്നതായി ഇവര്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.