Latest News

ഭരണാധികാരികള്‍ തന്നെ ചരിത്രത്തെ വികലമാക്കാന്‍ ശ്രമിക്കുന്നു: കെ.എസ് മാധവന്‍

തളങ്കര: ഭരണാധികാരികള്‍ തന്നെ ചരിത്രത്തെ വികലമാക്കാന്‍ ശ്രമിക്കുന്ന കാഴ്ച്ചയാണ് കാണുന്നതെന്ന് കോഴിക്കോട് സര്‍വ്വ കാലാ ശാല ചരിത്ര വിഭാഗം മേധാവി ഡോ. കെ.എസ് മാധവന്‍ പറഞ്ഞു.[www.malabarflash.com]

തളങ്കര മാലിക് ദീനാര്‍ ഉറൂസിനോടനുബന്ധിച്ച് സംഘടിപ്പിച്ച ചരിത്ര സെമിനാറില്‍ 'മുസ്‌ലിംകള്‍ ഇന്ത്യയില്‍- ചരിത്രവും വര്‍ത്തമാനവും' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അശോക ചക്രവര്‍ത്തിക്ക് ശേഷം മദ്ധ്യകാലത്തെ സുല്‍ത്താന്മാരാണ് ഇന്ത്യയില്‍ ആധുനിക ധനവരുമാന മാര്‍ഗം സൃഷ്ടിച്ചെടുത്തത്. നികുതി പിരിവടക്കമുള്ള കാര്യങ്ങള്‍ക്ക് തുടക്കം കുറിച്ചു. അവര്‍ വന്ന പേര്‍ഷ്യയില്‍ അതൊക്കെ നിലനിന്നിരുന്നു- അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമായ താജ്മഹല്‍ രാജ്യത്തിന്റെ വെളിച്ചമാണത്. അതിനെ പോലും വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു. ബ്രിട്ടീഷ്‌കാരോട് പൊരുതിയവരാണ് ടിപ്പു സുല്‍ത്താനും പഴശ്ശിരാജയും. എന്നാല്‍ പഴശ്ശിരാജയെ വീരനും ടിപ്പു സുല്‍ത്താനെ അക്രമിയുമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്- കെ.എസ് മാധവന്‍ പറഞ്ഞു.
ഉറൂസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സര്‍വ്വ കലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. 

റഹ്മാന്‍ തായലങ്ങാടി, പി.എസ് ഹമീദ്, മുജീബ് അഹ്മദ്, ആര്‍.എസ് രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. യഹ്‌യ തളങ്കര, എ. അബ്ദുല്‍ റഹ്മാന്‍, വിനോദ് ചന്ദ്രന്‍, ബിനോയ് മാത്യു, മദനന്‍, സിദ്ധീഖ് നദ്‌വി ചേരൂര്‍, കെ.എം അബ്ദുല്‍ ഹമീദ് ഹാജി, സലീം തളങ്കര തുടങ്ങിയവര്‍ സംബന്ധിച്ചു. ടി.എ ഖാലിദ് സ്വാഗതവും ടി.എ ശാഫി നന്ദിയും പറഞ്ഞു. രാത്രി ഉറൂസ് പരിപാടിയില്‍ അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, അല്‍ ഹാഫിള് മുഹമ്മദ് ബിലാല്‍ മൗലവി നടുമങ്ങാട് സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.