Latest News

സിപിഎം – ബിജെപി സംഘർഷത്തിൽ മരിച്ചയാളുടെ പേരിൽ അവകാശത്തർക്കം

തൃശൂർ: സിപിഎം – ബിജെപി സംഘർഷത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന രാഷ്ട്രീയ പ്രവർത്തകൻ മരിച്ചു. അകംപാടം പവർ സ്റ്റേഷനു സമീപം ചക്കഞ്ചത്തു കുഞ്ഞയ്യപ്പന്റെ മകൻ സതീശൻ (47) ആണ് മരിച്ചത്.[www.malabarflash.com]

സതീശൻ തങ്ങളുടെ പാർട്ടിക്കാരനാണെന്ന അവകാശവാദവുമായി ഇരുപാർട്ടികളും രംഗത്തെത്തി. കയ്പമംഗലം, കൊടുങ്ങല്ലൂർ നിയോജക മണ്ഡലങ്ങളിൽ ബിജെപി ഇന്നു ഹർത്താലിന് ആഹ്വാനം ചെയ്തു. എന്നാൽ, സതീശൻ സിപിഎം പ്രവർത്തകനാണെന്നു സിപിഎം ലോക്കൽ കമ്മിറ്റി പറഞ്ഞു.

ശനിയാഴ്ച വൈകിട്ട് അഞ്ചോടെ കാളമ‍ുറി അകമ്പാടത്ത് സിപിഎം – ബിജെപി ഏറ്റുമുട്ടലുണ്ടായി. സതീശന്റെ മകനും ബിജെപി പ്രവർത്തകനുമായ സന്ദീപും സഹോദരന്റെ മകൻ ജിനീഷും സഹോദരിയുടെ മകൻ സുബിനും അടങ്ങുന്ന സംഘം ഡിവൈഎഫ്ഐ പ്രവർത്തകരുമായാണ് ഏറ്റുമുട്ടിയത്. ഇവരെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ സതീശനു മർദനമേറ്റു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു.

അടിപിടിയിൽ ഇരുപാർട്ടികളിലുംപെട്ട ആറു പേർക്കു പരുക്കേറ്റു. മേഖലയിൽ ഇപ്പോഴും സംഘർഷാവസ്ഥയുണ്ട്. റൂറൽ പോലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്ര, ഡിവൈഎസ്പി ഫേമസ് വർഗീസ്, കൊടുങ്ങല്ലർ സിഐ പി.സി. ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘത്തെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.

പോസ്റ്റ്മോർട്ടം ഇന്നത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയതും സംഘർഷത്തിനിടയാക്കി. പോസ്റ്റ്മോർട്ടം തിങ്കളാഴ്ചത്തേക്ക്‌ മാറ്റി. 
ഭാര്യ: അഖില, മക്കൾ: സോന, അതുല്യ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.