കാസര്‍കോട്: തളങ്കര കടവത്തെ ആമു ഹാജി കോളിയാടിന്റെ മകനും ചെട്ടുംകുഴിയില്‍ താമസക്കാരനുമായിരുന്ന മന്‍സൂര്‍ അലി കോളിയാടിനെ ക്രൂരമായി കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസില്‍ അഡ്വ. സി.കെ ശ്രീധരനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി.[www.malabarflash.com]
ഈ വര്‍ഷം ജനുവരി 25ന് ബായാറില്‍ വെച്ചാണ് മന്‍സൂറലിയെ രണ്ടംഗ സംഘം ക്രൂരമായി കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയത്. പ്രതികളായ ബായാര്‍ സുന്നികട്ടയിലെ സലാമും തമിഴ്നാട് സ്വദേശിയും ബായാറില്‍ താമസക്കാരനുമായ അഷ്റഫും ഇപ്പോഴും റിമാണ്ടിലാണ്.
സ്വര്‍ണ വില്‍പന ഏജന്റായ മന്‍സൂറലിയെ സ്വര്‍ണമുണ്ടെന്ന് പറഞ്ഞ് ബായാറിലേക്ക് വിളിച്ചുവരുത്തി പണം കവരാന്‍ വേണ്ടി കൊലപ്പെടുത്തുകയായിരുന്നു.
കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മന്‍സൂറലിയുടെ ഭാര്യ റസീന എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖാന്തിരം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കാഞ്ഞങ്ങാട്ടെ പ്രമുഖ അഭിഭാഷകന്‍ അഡ്വ. സി.കെ ശ്രീധരനെ നിയമിച്ച് ഉത്തരവായത്.
No comments:
Post a Comment