Latest News

നാടുകാണി മഖാം തകര്‍ത്ത സംഭവത്തില്‍ മുജാഹിദ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

നിലമ്പൂര്‍: നാടുകാണി ചുരം മഖാം തകര്‍ക്കപ്പെട്ട സംഭവത്തില്‍ മുജാഹിദ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വഴിക്കടവ് ആന മറി സ്വദേശി മുളയങ്കായി അനീഷ് (37) ആണ് പിടിയിലായത്. കെ.എന്‍ എം ഔദ്യേഗിക വിഭാഗം അനുകൂലിയാണ് ഇയാള്‍.[www.malabarflash.com] 

കേസിലെ പ്രധാന പ്രതിയും അനീഷിന്റെ തൊഴിലാളിയുമായ വഴിക്കടവ് മാമാങ്കര സ്വദേശി അത്തിമണ്ണില്‍ ഷാജഹാന്‍ എന്നായാള്‍ സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്നതായാണ് സൂചന. ഇയാള്‍ക്ക് വേണ്ടി പോലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചു.

ജാറങ്ങളോടുള്ള എതിര്‍പ്പാണ് കൃത്യം ചെയ്യാന്‍ തങ്ങള്‍ക്ക് പ്രേരകമായതെന്ന് പിടിയിലായ അനീഷ് പോലീസിന് മൊഴി നല്‍കി. മഖ്ബറ തകര്‍ക്കാന്‍ ഷാജഹാനും അനീഷും പലതവണ ഗൂഢാലോചന നടത്തിയതായി പോലീസ് പറഞ്ഞു. ഇതിനായി ഷാജഹാന്റെ കാറില്‍ പ്രതികള്‍ രാത്രി സമയങ്ങളില്‍ പലവട്ടം മഖ്ബറ സന്ദര്‍ശിച്ചിരുന്നു. 

പോലീസ് കാവലുള്ളപ്പോള്‍ പോലും ജാറം തകര്‍ക്കാന്‍ ശ്രമം നടന്നു. വാടക വാഹനങ്ങള്‍ കേന്ദ്രീകരിച്ചും നാടുകാണി മുതല്‍ വടുപുറം വരെയുള്ള സിസിടിവി ക്യാമറകള്‍ പരിശോധിച്ചും പോലീസ് നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.

മഖാം തകര്‍ക്കപ്പെട്ട സംഭവത്തില്‍ മുജിഹിദ് പ്രവര്‍ത്തകരും മഖാം ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നവരും ആദ്യ ഘട്ടത്തില്‍ തന്നെ നിരീക്ഷണത്തിലായിരുന്നു. നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. 

2009 ല്‍ മഖാം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ വണ്ടൂര്‍ സ്വദേശികളായ നാല് പേര്‍ പോലീസ് പിടിയിലായിരുന്നു. പെരിന്തല്‍മണ്ണ ഡി വൈ എസ് പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 6, 19, 28 തിയ്യതികളിലാണ് കോഴിക്കോട്- നിലമ്പൂര്‍ -ഗൂഡല്ലൂര്‍ അന്തര്‍ സംസ്ഥാന പതയിലെ നാടുകാണി ചുരത്തിലെ മുഹമ്മദ് സ്വാലിഹ് മഖാം തകര്‍ക്കപ്പെട്ടത്. ആദ്യ തവണ മഖാമിന്റെ മേല്‍ ഭാഗം പൊളിക്കുകയും മഖാമിലെ നേര്‍ച്ച പെട്ടിയും സംഭാവന പെട്ടിയും പൊളിച്ച് പണം മോഷ്ടിക്കുകയും ചെയ്തിരുന്നു. 19 ന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. 

എന്നാല്‍ ആഗസ്റ്റ് 28ന് മഖാമിന്റെ കൂടുതല്‍ ഭാഗം തകര്‍ക്കുകയും വാഴയും തെങ്ങും നടുകയും ചെയ്തിരുന്നു. പിന്നീട് പോലിസിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് മഖാം പുനര്‍ നിര്‍മാണം നടത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.