Latest News

കോല്‍ക്കളി ആള്‍മാറാട്ടത്തിനു പിന്നാലെ രാജാസ് ഹൈസ്‌കൂളിലെ ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ത്തു

നീലേശ്വരം: വടക്കേ മലബാറിലെ സാംസ്‌കാരിക സമ്പന്നമായ നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിനെ നാണക്കേടിലാക്കിയ സ്‌കൂള്‍ യുവജനോത്സവത്തിലെ കോല്‍ക്കളി ആള്‍മാറാട്ടത്തിന് പിന്നാലെ സ്‌കൂളിലെ ഫര്‍ണിച്ചറുകള്‍ അജ്ഞാതര്‍ അടിച്ചു തകര്‍ത്തു.[www.malabarflash.com]

അമ്പലത്തറയില്‍ നടന്ന സബ് ജില്ലാ സ്‌കൂള്‍ കലോത്സവത്തിലാണ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ രാജാസ് ഹൈസ്‌കൂളും ഹയര്‍സെക്കണ്ടറിയില്‍ ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളും ആള്‍മാറാട്ടം നടത്തിയത്. സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ ഹെഡ്മിസ്ട്രസിന്റെ അനുമതിയോടെയാണ് ആള്‍മാറാട്ടം നടത്തിയതെന്ന് പുറത്തുവന്നിട്ടുണ്ട്.
പരിപാടിയില്‍ പങ്കെടുക്കേണ്ട കുട്ടികളുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ ഒപ്പുവെക്കേണ്ടത് സ്‌കൂള്‍ ഹെഡ്മാസ്റ്ററാണ്. അതുകൊണ്ടു തന്നെ ഇവര്‍ അറിയാതെ ആള്‍മാറാട്ടം നടക്കില്ലെന്നാണ് ആരോപണം.
സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ പോലും കലാപ്രതിഭകളെ സൃഷ്ടിച്ച രാജാസ് ഹൈസ്‌കൂളിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ നാണക്കേടാണ് യുവജനോത്സവത്തില്‍ ആള്‍മാറാട്ടം നടത്തിയതിലൂടെ ഉണ്ടായിരിക്കുന്നതെന്നാണ് പ്രധാന ആരോപണം. ഇതിനെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ അധികൃതര്‍ക്ക് പരാതി നല്‍കാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍.
ഈ ആള്‍മാറാട്ടത്തിന് തൊട്ടുപിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രി രാജാസ് ഹൈസ്‌കൂളിലെ ഡസ്‌കും ബെഞ്ചുകളും അജ്ഞാതര്‍ തകര്‍ത്തത്. സ്‌കൂളില്‍ രാത്രി വാച്ച്മാന്‍ ഉണ്ടായിരിക്കെ, സ്‌കൂള്‍ അധികൃതരുടെ ഒത്താശയോടെയാണ് അക്രമം നടന്നതെന്നാണ് സംശയിക്കുന്നത്. ഈ രണ്ട് സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ അടിയന്തിര സ്റ്റാഫ് യോഗവും പിടിഎ യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
കോല്‍ക്കളി ആള്‍മാറാട്ടം പിടിക്കപ്പെട്ടതോടെ ഇത്തരത്തില്‍ പല ക്രമക്കേടുകളും സ്‌കൂളില്‍ നടക്കുന്നുണ്ടെന്നാണ് ആരോപണം. കണക്കില്‍ പെടുന്നതിനും അപ്പുറം ലക്ഷങ്ങളുടെ ഇടപാടാണത്രെ സ്‌കൂളില്‍ നടക്കുന്നത്. സ്‌കൂള്‍ ഫണ്ടില്‍ നിന്നു പോലും കൈ വായ്പകള്‍ നല്‍കാറുണ്ടെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ ദിവസം വയറുവേദന അനുഭവപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ മോശമായ രീതിയില്‍ പെരുമാറിയതിന് പ്രധാന അധ്യാപികയ്‌ക്കെതിരെ രക്ഷിതാക്കള്‍ ചൈല്‍ഡ്‌ലൈനിലും പരാതി നല്‍കിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.