ചെർക്കള: ബില്ലടച്ചിട്ടും വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവം മന്ത്രിയെ വിളിച്ചുപരാതി അറിയിച്ചതോടെ വൈദ്യുതി ഉദ്യോഗസ്ഥർ കുതിച്ചെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് തലയൂരി. ചെങ്കള ബേർക്കയിലെ നഫീസയുടെ വീട്ടിലെ വൈദ്യുതിയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ഉദ്യോഗസ്ഥരെത്തി വിച്ഛേദിച്ചത്.[www.malabarflash.com]
25ന് ബില്ല് അടച്ചിരുന്നെന്നും ഇതിന്റെ രസീത് ഭർത്താവിന്റെ കൈയിലാണെന്നും അറിയിച്ചിട്ടും ഉദ്യോഗസ്ഥർ വൈദ്യുതി ബന്ധം വിച്ഛേദിച്ച് പോവുകയായിരുന്നു.
വൈകുന്നേരം ഏഴോടെ ഭർത്താവ് വീട്ടിലെത്തി രസീതുമായി ചെർക്കള വൈദ്യുതി ഓഫീസിൽ എത്തിയെങ്കിലും രാത്രിയായതിനാൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ കഴിയില്ലെന്നും പിറ്റേ ദിവസം എത്താമെന്നും അറിയിക്കുകയായിരുന്നു. വീട്ടുകാർ സാമൂഹ്യ പ്രവർത്തകരെ വിവരമറിയിച്ചതിനെത്തുടർന്ന് വൈദ്യുതി മന്ത്രി എം.എം മണിയെ ബന്ധപ്പെടുകയും മന്ത്രി കാസര്‍കോട്ടെ വൈദ്യുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ നിർദേശം നൽകുകയായിരുന്നു.ഇതേത്തുടർന്നു രാത്രിയോടെ ജീപ്പിൽ ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു.
സംഭവം സംബന്ധിച്ച് കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതിയുമായി മുന്നോട്ടുപോകാനാണ് വീട്ടുകാരുടെ തീരുമാനം.
No comments:
Post a Comment