Latest News

മലപ്പുറം പാസ്പോർട്ട് ഓഫിസ് പൂട്ടാനുള്ള തീരുമാനം റദ്ദാക്കി

മലപ്പുറം: പാസ്പോര്‍ട്ട് ഓഫിസ് പൂട്ടാനുള്ള തീരുമാനം വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. ഇനി ഒരു അറിയിപ്പു വരും വരെ ഓഫിസ് തുടരാന്‍ മന്ത്രാലയം ഔദ്യോഗികമായാണ് അറിയിച്ചത്.[www.malabarflash.com]

 മലപ്പുറത്തെ ഓഫിസ് നിർത്തലാക്കി കോഴിക്കോട് ഓഫിസിൽ ലയിപ്പിക്കാനായിരുന്നു കേന്ദ്രസർക്കാരിന്റെ നയതീരുമാനം. ഇക്കാര്യം ഹൈക്കോടതിയിൽ ബോധിപ്പിക്കുകയും ചെയ്തിരുന്നു.

മലപ്പുറത്തെ പാസ്പോർട്ട് ഓഫിസ് ലയിപ്പിച്ചാലും പാസ്പോർട്ട് സേവാകേന്ദ്രം അവിടെ തുടരാനായിരുന്നു പരിപാടി. എന്നാൽ 2006ൽ ആരംഭിച്ച പാസ്പോർട്ട് ഓഫിസ് നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ കനത്ത പ്രതിഷേധം ഉയർന്നു. പ്രതിദിനം 1100 സാധാരണ അപേക്ഷകളും 150 തത്കാൽ അപേക്ഷകളുമാണു മലപ്പുറത്തു ലഭിക്കാറുള്ളത്.

കേന്ദ്രസർക്കാരിനു വലിയ വരുമാനമുണ്ടാക്കുന്ന ഓഫിസാണു മലപ്പുറം റീജനൽ പാസ്പോർട്ട് ഓഫിസ്. ഈ സാഹചര്യത്തിലാണ് തീരുമാനം പുനഃപരിശോധിക്കാൻ‌ കേന്ദ്രം തീരുമാനിച്ചത്. മന്ത്രാലയത്തിന്റെ തീരുമാനം ശുഭസൂചനയാണെന്ന് പി.കെ.കു‍ഞ്ഞാലിക്കുട്ടി എംപി പ്രതികരിച്ചു.

എന്നാൽ ഓഫിസ്‌ കെട്ടിടത്തിന്റെ വാടകക്കരാർ ഒരു മാസത്തേക്ക്‌ പുതുക്കണമെന്ന് പാസ്പോർട്ട്‌ ഓഫിസർക്ക്‌ നിർദേശം നൽകിയത് ആശങ്കപ്പെടുത്തുന്നു. പാസ്പോർട്ട്‌ ഓഫിസ്‌ മലപ്പുറത്ത്‌ തുടരാനുള്ള ഉത്തരവ് പിന്‍വലിക്കില്ലെന്നാണു പ്രതീക്ഷ. തീരുമാനം നേരെ മറിച്ചാണെങ്കിൽ ജനങ്ങളോടൊപ്പം നിന്ന് നിയമത്തിന്റെ വഴിയേ മുന്നോട്ട് പോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.