Latest News

ഓഖി: സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു; മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം ധനസഹായം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റു മൂലം ദുരന്തം നേരിട്ടവര്‍ക്കായി സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതം നല്‍കാന്‍ തീരുമാനിച്ചു. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.[www.malabarflash.com]

സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന 10 ലക്ഷം, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് അഞ്ച് ലക്ഷം, ഫിഷറീസ് വകുപ്പില്‍നിന്ന് അഞ്ച് ലക്ഷം എന്നിങ്ങനെയാണ് ആകെ 20 ലക്ഷം രൂപ ഓരോ കുടുംബത്തിനും നല്‍കുന്നത്. ഗുരുതരമായി പരിക്കേറ്റ് തുടര്‍ന്ന് ജോലി ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ബദല്‍ ജീവിതോപാധിയായി ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ക്ക് മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് 40 രൂപയും വീതം ഏഴ് ദിവസത്തേയ്ക്ക് അനുവദിക്കും. സൗജന്യ റേഷന്‍ ഒരു മാസത്തേക്ക് നല്‍കാനും തീരുമാനിച്ചു. ചുഴലിക്കാറ്റില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടം കണക്കാക്കി തത്തുല്യമായ തുക നല്‍കും.

മരണമടയുകയോ കാണാതാകുകയോ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്‌ സൗജന്യ വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം എന്നിവയും നല്‍കും. ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന സഹായവും തുടര്‍ സഹായങ്ങളും വിലയിരുത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് റവന്യു വകുപ്പ് അഡീ. ചീഫ് സെക്രട്ടറി, ഫിഷറീസ് വകുപ്പ് അഡീ. ചീഫ് സെക്രട്ടറി എന്നിവരുടെ കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഏതെങ്കിലും മത്സ്യത്തൊഴിലാളിയെ കണ്ടെത്താനാകാതെ വന്നാല്‍ അവരുടെ കുടുംബത്തിന്റെ കാര്യത്തില്‍ സഹായം നല്‍ുകുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് റവന്യു-ഫിഷറീസ് ഡിപ്പാര്‍ട്ട് മെന്റ് അഡീ. ചീഫ് സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കും.

മത്സ്യത്തൊഴിലാളികളുടെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച്‌ കാലാവസ്ഥ സംബന്ധിച്ച സന്ദേശം നല്‍കുന്നതിനും പരസ്പരം കാലാവസ്ഥാ സംബന്ധിച്ച ആശയവിനിമയം നടത്തുന്നതിന് സംസ്ഥാന ദുരന്ത നിരവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തി. ദുരന്ത നിരവാരണ അതോറിറ്റി പുനഃസംഘടിപ്പിക്കാനും അടിയന്തിര പ്രവര്‍ത്തന കേന്ദ്രം തിരുവനന്തപുരത്തും എല്ലാ ജില്ലകളിലും സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപകട മേഖലയിലുള്ള എല്ലാ വീടുകളും ഒഴിപ്പിക്കുകയും അവര്‍ക്കായി 52 ക്യാമ്പുകള്‍ സ്ഥാപിക്കുകയും ചെയ്തു. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളുമായി ബന്ധപ്പെട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പലയിടങ്ങളിലും രക്ഷപ്പെട്ടെത്തിയവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. പലരും നാട്ടിലെത്തിയിട്ടുണ്ട്. 92 പേരെയാണ് ഇനി കണ്ടെത്താന്‍ ബാക്കിയുള്ളതെന്നാണ് സര്‍ക്കാരിന്റെ കണക്ക്. കൂടുതല്‍ ആള്‍ക്കാരുണ്ടോ എന്ന കാര്യം പരിശോധിക്കും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനും സഹായം ലഭ്യമാക്കുന്നതിനും കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ വിവിധ വകുപ്പുകള്‍ക്കും സ്ഥലം സന്ദര്‍ശിക്കുകയും ജനങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്ത കേന്ദ്രമന്ത്രിമാര്‍ക്കും നന്ദിപറയുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ പൊതുവെ ഈ പ്രവര്‍ത്തനങ്ങളോടൊപ്പം നിന്നിട്ടുണ്ട്. എന്നാല്‍ ചില മാധ്യങ്ങള്‍ സ്വീകരിച്ച നടപടി കേരളത്തിന്റെ പൊതുവികാരത്തിനൊപ്പമായിരുന്നോ എന്ന് അവര്‍ ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.