മുള്ളേരിയ: നാട്ടുകാർക്ക് മധുരം പകർന്ന മധുവിന്റെ ജീവിതത്തിന് ഇനി ഇരട്ടിമധുരം. മുള്ളേരിയ ടൗണിൽ ചെറിയൊരു ജ്യൂസ് കട നടത്തുന്ന ടി. മധുവിനാണ് വെളളിയാഴ്ച നറുക്കെടുത്ത സംസ്ഥാന നിർമൽ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്.[www.malarflash.com]
തന്റെ കടയിലെത്തിയ ലോട്ടറി വില്പനക്കാരൻ ശ്രീധരനിൽനിന്നു 30 രൂപ മുടക്കി NZ 787828 നമ്പർ ലോട്ടറി എടുക്കുമ്പോൾ ബംബർ സമ്മാനം ഈ മുപ്പത്തഞ്ചുകാരന്റെ വിദൂരസ്വപ്നങ്ങളിൽ പോലുമില്ലായിരുന്നു.
മധു, ഇവിടത്തെ ഗണേശ് കോംപ്ലക്സിൽ 15 വർഷമായി കട നടത്തുകയാണ്. മുമ്പ് ജ്യൂസ് കട മാത്രമാണ് നടത്തിയിരുന്നത്.
പക്ഷേ, മഴക്കാലത്ത് ജൂസ് വിറ്റ് വരുമാനം ലഭിക്കില്ല. ഈ സാഹചര്യത്തിൽ വൈദ്യുതിച്ചെലവും മറ്റും താങ്ങാനാവാതെ നഷ്ടംവന്നതോടെ മഴക്കാലത്ത് ചായക്കടയാക്കി മാറ്റി. വല്ലപ്പോഴും മാത്രം ടിക്കറ്റ് എടുക്കുന്ന മധുവിന് നേരത്തെ മൂന്നുതവണ 5,000 രൂപ സമ്മാനം അടിച്ചിട്ടുണ്ട്.
നിലവിൽ രണ്ടു സഹോദരന്മാർക്കൊപ്പമാണ് മധുവും കുടുംബവും താമസിക്കുന്നത്. കഴിഞ്ഞ ഒരുവർഷമായി നിർമാണത്തിലിരിക്കുന്ന വീടിന്റെ പണി എത്രയുംവേഗം പൂർത്തിയാക്കുകയാണ് മധുവിന്റെ ലക്ഷ്യം. കച്ചവടം തുടരാൻ തന്നെയാണ് തീരുമാനമെന്നു മധു പറഞ്ഞു.
കാറഡുക്ക വണ്ണാച്ചെടവ് ബേർളത്തെ പരേതരായ അലാമിയുടെയും നാരായണിയുടെയും മകനാണ്. സൗമ്യയാണ് ഭാര്യ. മൂന്നരവയസുകാരി അതുല്യ മകളാണ്. ഹരിഹരൻ, കൃഷ്ണൻ, ശാരദ എന്നിവർ സഹോദരങ്ങളാണ്.
No comments:
Post a Comment