Latest News

സംവിധായകന്‍ യു സി റോഷന്‍ അന്തരിച്ചു

നീലേശ്വരം: ചലച്ചിത്ര സംവിധായകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ യു സി റോഷന്‍(55) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് മംഗലാപുരം ഫാദര്‍മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരണപ്പെട്ടത്. കണ്ണൂര്‍ പാറക്കണ്ടി സ്വദേശിയാണ്.[www.malabarflash.com]

മലയാള സിനിമയില്‍ ദീര്‍ഘകാലം സഹസംവിധായകനായി പ്രവര്‍ത്തിക്കുകയും 'മംഗല്യപ്പല്ലക്ക്' ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കണ്ണൂര്‍ പാറക്കണ്ടി സ്വദേശിയായ റോഷനും കുടുംബവും വര്‍ഷങ്ങളായി നീലേശ്വരം കിഴക്കന്‍ കൊഴുവലിലാണ് താമസം. 

വനജയാണ് ഭാര്യ. മക്കള്‍: നിരഞ്ജന്‍ റോഷന്‍, സാജന്‍ റോഷന്‍.
നിലവില്‍ കോണ്‍ഗ്രസ് കൊഴുന്തില്‍ നാലാം ബൂത്ത് പ്രസിഡണ്ടാണ്. കെഎസ് യു അവിഭക്ത കണ്ണൂര്‍ ജില്ല ഭാരവാഹിയായിരുന്നു. കണ്ണൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റിയുടെ പ്രസിഡണ്ടാ യും പാറക്കണ്ടിയില്‍ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മികച്ച ഫുട്‌ബോള്‍ ടീമായ നീലേശ്വരം വോള്‍ഗാനോസിന്റെ പ്രസിഡണ്ട് കൂടിയായ റോഷന്‍ നീലേശ്വരത്തെ കലാ-സാഹിത്യ-സാംസ്‌കാരിക-കായിക രംഗങ്ങളിലെ സജീവ പ്രവര്‍ത്തകന്‍ കൂടി ആയിരുന്നു. 

ചികിത്സയിലായിരുന്ന റോഷനെ കഴിഞ്ഞയാഴ്ച ജില്ലയിലെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചിരുന്നു.
ഓമനിക്കാനൊരു ശിശിരം, ഇനിയുമൊരു ജന്മം, ഹൈറേഞ്ച്, പ്രേമാഗ്നി, മാമി, ആ ഒരു നിമിഷം, അഗ്നിവര്‍ഷം, യാമിനി, ശിശിരം, ഏദന്‍തോട്ടം, പൂന്തേനരുവി ചുവന്നപ്പോള്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനായിരുന്ന റോഷന്‍ ഭീഷ്മാചാര്യ, വാത്സല്യം തുടങ്ങിയ ചിത്രങ്ങളില്‍ കൊച്ചിന്‍ ഹനീഫയുടെ സഹസംവിധായകനായും പ്രവര്‍ത്തിച്ചിരുന്നു. തമിഴിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.