Latest News

തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ അഗ്നിബാധ; രോഗികളെ ഒഴിപ്പിച്ചത് സാഹസികമായി

തളിപ്പറമ്പ്: തളിപ്പറമ്പ് സഹകരണ ആശുപത്രിയിലുണ്ടായ വന്‍ അഗ്നിബാധയില്‍ ആളപായമില്ലാതിരുന്നത് അഗ്നിശമന സേനയുടെ സാഹസികമായ ഇടപെടലിനെ തുടര്‍ന്ന്.[www.malabarflash.com]

തീപടര്‍ന്നയുടന്‍ അഗ്നിശമന സേന സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് തീയണയ്ക്കുന്നതിനൊപ്പം വലിയ ലാഡറുകള്‍ ഉപയോഗിച്ച് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ അഗ്നിശമനസേനയ്ക്ക് കഴിഞ്ഞു. നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും തീയണയ്ക്കാന്‍ ഓടിയെത്തി.

റിസപ്ഷന്‍ കൗണ്ടറിലെ കമ്പ്യൂട്ടറില്‍ നിന്നുമാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. കൗണ്ടറിനു സമീപമുളള ഫാര്‍മസിയിലേക്ക് തീ പടര്‍ന്നതോടെ ഉയര്‍ന്ന പുക രക്ഷാ പ്രവര്‍ത്തനങ്ങളെ ബാധിച്ചു.

കടുത്ത പുക പലര്‍ക്കും അസ്വാസ്ഥ്യമുണ്ടാക്കി. മരുന്ന് കത്തിയ ഗന്ധം ആശുപത്രിക്കുളളില്‍ പടര്‍ന്നതോടെ രക്ഷാ പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ശ്വാസം മുട്ടലും ഉണ്ടായി.

പരിഭ്രാന്തരായ രോഗികളും ബന്ധുക്കളും ആറാംനിലയില്‍ നിന്നും പുറത്തേക്ക് ചാടാനൊരുങ്ങിയ സന്ദര്‍ഭമുണ്ടായി. ഫയര്‍ഫോഴ്‌സിന്റെ നിര്‍ദ്ധേശ പ്രകാരം ജനലുകളുടെ ഗ്ലാസുകള്‍ തകര്‍ത്തതോടെയാണ് ശുദ്ധവായു ഉളളില്‍ കടന്നത്. ഇത് രോഗികള്‍ക്ക് ആശ്വാസമായി. ജില്ലാ ഫയർ ഓഫീസർ ഇൻ ചാർജ് പ്രകാശ് കുമാർ ,തളിപ്പറമ്പ് സ്റ്റേഷൻ ചാർജ് പ്രകാശൻ, കെ. ഹരിനാരായണൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് രക്ഷാപ്രവർത്തനം നടന്നത്

പുലര്‍ച്ചെ 2.15 ഓടെയാണ് തീ ശ്രദ്ധയില്‍പ്പെട്ടത് നിമിഷങ്ങള്‍ക്കകം തന്നെ വിവരം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വാര്‍ത്ത പരക്കുകയും ചെയ്തു. വിവരമറിഞ്ഞത്തിയ നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.

തളിപ്പറമ്പ് കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുളള രണ്ടു വീതം യൂണിറ്റ് ഫയര്‍ഫോഴ്‌സും തളിപ്പറമ്പ് പരിയാരം പഴയങ്ങാടി ആലക്കോട് ശ്രീകണ്ഠാപുരം തുടങ്ങിയ സ്ഥലങ്ങളിലെ പോലീസും സ്ഥലത്തെത്തിയിരുന്നു.

ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നായി അറുപതോളം ആംബുലന്‍സുകളും സ്ഥലത്ത് എത്തിയിരുന്നു. ഇവയിലാണ് രോഗികളെ തളിപ്പറമ്പ് താലൂക്ക് ആശുപത്രി പരിയാരം മെഡിക്കല്‍ കോളേജ്, ലൂര്‍ദ് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റിയത്.

ജില്ലാ കളക്ടര്‍ ജില്ലാ പോലീസ് മേധാവി എം.എല്‍.എ നഗരസഭാ ചെയര്‍മാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ ആശുപത്രി സന്ദര്‍ശിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായും ആശുപത്രിയിലുണ്ടായിരുന്ന 84 രോഗികളും ഇവരുടെ കൂടെ ഉണ്ടായിരുന്നവരും ഇരുപതോളം ജീവനക്കാരും സുരക്ഷിതരാണെന്ന് കളക്ടര്‍ അറിയിച്ചു. 

തീപിടുത്തത്തിന് കാരണമെന്താണെന്ന വിദഗ്ധസംഘം ചൊവ്വാഴ്ച തന്നെ പരിശോധന നടത്തുമെന്നും കളക്ടര്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.