Latest News

കാറോട്ടത്തിലെ ദേശീയ റെക്കോഡ് ജേതാവ് ചെങ്ങന്നൂരില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു

ചെങ്ങന്നൂര്‍: കാറോട്ടത്തിലെ ദേശീയ റെക്കോഡ് ജേതാവ് ചെങ്ങന്നൂരില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു. കുറ്റൂര്‍ താഴ്ചയില്‍ ജേക്കബ് കുര്യന്റെ മകന്‍ വിനു കുര്യന്‍ ജേക്കബ് (25) ആണ് മരിച്ചത്. എന്‍ജിനീയറിങ് പഠനത്തിനുശേഷം തിരുവനന്തപുരത്ത് ക്വാളിറ്റി കണ്‍ട്രോള്‍ പഠനം നടത്തുകയായിരുന്നു.[www.malabarflash.com]

ബുധനാഴ്ച വെളുപ്പിനെ 12.30-ഓടെ പുത്തന്‍വീട്ടിപ്പടി റെയില്‍വേ മേല്‍പ്പാലത്തിന് സമീപമായിരുന്നു അപകടമെന്ന് പോലീസ് പറഞ്ഞു. ചെങ്ങന്നൂര്‍ ഭാഗത്തുനിന്ന് തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്നു വിനു. എതിര്‍ദിശയില്‍ വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. 

ഇടിയുടെ ആഘാതത്തില്‍ തെറിച്ച സ്‌കൂട്ടര്‍ ഒടിഞ്ഞുമടങ്ങി. പോലീസ് എത്തി ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ 3,888 കിലോമീറ്റര്‍ കാറോടിച്ച് ലിംക ബുക്സ് ഓഫ് നാഷണല്‍ റെക്കോഡ്സില്‍ സ്ഥാനംനേടിയിട്ടുണ്ട്. സഹോദരന്‍ ജോ ജേക്കബ്, ബന്ധുവായ ജോസിന്‍ ബേബി എന്നിവര്‍ക്കൊപ്പമായിരുന്നു റെക്കോഡ് പ്രകടനം. 13 സംസ്ഥാനങ്ങള്‍ പിന്നിട്ട കാര്‍ റാലി രണ്ടുദിവസവും അഞ്ചു മണിക്കൂറും കൊണ്ട് കന്യാകുമാരിയില്‍ എത്തി.

പിതാവ് ജേക്കബ് കുര്യന്‍ കുറ്റൂരില്‍ ചില്ല് വ്യാപാരമാണ്. അമ്മ: മറിയാമ്മ (കുറ്റൂര്‍ പാണ്ടിശ്ശേരി എല്‍.പി.എസ്. അധ്യാപിക). സഹോദരങ്ങള്‍ ജോ ജേക്കബ്ബ് (ഏറ്റുമാനൂര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരന്‍), ക്രിസ് ജേക്കബ്ബ് (തിരുവല്ല മാര്‍ത്തോമ്മാ സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥി). 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.