ചെറുപുഴ: പാടിയോട്ടുചാല്‍ ചന്ദ്രവയലില്‍ മൂന്നംഗ കുടുംബത്തെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പാടിയോട്ടുചാല്‍ ടൗണിലെ ബാര്‍ബര്‍ തൊഴിലാളി കൊളങ്ങരവളപ്പില്‍ രാഘവന്‍ (54), ഭാര്യ ശോഭ (45) മകള്‍ കെ.വി.ഗോപിക (19) എന്നിവരാണ് മരിച്ചത്. [www.malabarflash.com]
ഗോപികയെ കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയിലും മാതാപിതാക്കള്‍ അതേ മുറിയില്‍ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. ഇവരുടെ മകന്‍ ജിതിനെ (23) ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
മികച്ച ഹാന്‍ഡ് ബോള്‍ താരവും സംസ്ഥാന ജൂനിയര്‍ ഹാന്‍ഡ്‌ബോള്‍ ടീമംഗവുമായ ഗോപിക ഇപ്പോള്‍ തൃശൂര്‍ വിമല കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞദിവസമാണ് ചന്ദ്രവയലിലെ വീട്ടിലെത്തിയത്.
പോലീസിനും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഉള്‍പ്പെടെ വെവ്വേറെ കത്തെഴുതി വെച്ചശേഷമാണ് ഇവര്‍ ജീവനൊടുക്കിയത്. വീട്ടിലുള്ളവരെ പുറത്തു കാണാതിരുന്നതിനെ തുടര്‍ന്ന് രാവിലെ പതിനൊന്നോടെ അയല്‍വാസികളെത്തി അന്വേഷിച്ചപ്പോഴാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവമറിഞ്ഞ് ചെറുപുഴ എസ്.ഐ പി.സുകുമാരന്‍, പെരിങ്ങോം എസ്.ഐ മഹേഷ് കെ.നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. തുടര്‍ന്ന് തളിപ്പറമ്പ ഡിവൈ.എസ്.പി കെ.വി.വേണുഗോപാല്‍, പയ്യന്നൂര്‍ സി.ഐ എം.പി.ആസാദ്, തളിപ്പറമ്പ താലൂക്ക് ഡപ്യൂട്ടി തഹസില്‍ദാര്‍ കെ.രാജന്‍ എന്നിവരെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.
മൂന്നംഗ കുടുംബം ജീവനൊടുക്കിയതറിഞ്ഞ് നിരവധി പേരാണ് ചന്ദ്രവയലിലെ വീട്ടിലെത്തിയത്. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലന്‍, പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് പി.നളിനി, വൈസ് പ്രസിഡന്റ് പി.പ്രകാശന്‍, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.വി.തമ്പാന്‍ തുടങ്ങിയവരും നിരവധി ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
No comments:
Post a Comment