Latest News

കോൺക്രീറ്റ് നിറച്ച് കായലിൽ തള്ളിയ വീപ്പയിൽ അസ്ഥികൂടം; അന്വേഷണം തുടങ്ങി

കൊച്ചി: കുമ്പളത്ത് വീപ്പയ്ക്കുള്ളിൽ കോൺക്രീറ്റ് നിറച്ച് കായലിൽ തള്ളിയ നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കൊലപാതകത്തിനുശേഷം മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോൺക്രീറ്റ് നിറച്ച് കായലിൽ തള്ളിയതാണെന്ന് സംശയം.[www.malabarflash.com]

ദുരൂഹ സാഹചര്യത്തിൽ വീപ്പ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന്‌ പോലീസ് സ്ഥലത്തെത്തി വീപ്പ പൊട്ടിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. പോലീസ് സർജൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി.

ഏതാണ്ട് ഒരുവർഷം മുൻപുതന്നെ ഈ വീപ്പ മൽസ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നതാണെന്ന് പറയുന്നു. വെള്ളത്തിനു മുകളിൽ നെയ് പരന്നുകിടക്കുന്നത് കണ്ട് സംശയം തോന്നിയ മൽസ്യതൊഴിലാളികൾ നടത്തിയ പരിശോധനയിലാണ് കായലിനടിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ വീപ്പ കണ്ടെത്തിയത്. എന്നാൽ, അന്ന് വീപ്പയിൽ പങ്കായം വച്ച് കുത്തിനോക്കിയെങ്കിലും കല്ലുനിറച്ചു വച്ചിരിക്കുന്നതു പോലെ തോന്നിയതിനാൽ ഗൗനിക്കാതെ വിട്ടുകളയുകയായിരുന്നു.

പിന്നീട് രണ്ടു മാസം മുൻപ് കായലിൽനിന്ന് ചെളി കോരിയ സമയത്ത് ഈ വീപ്പ കരയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം വീപ്പയ്ക്കുള്ളിൽനിന്ന് ദുർഗന്ധം വമിക്കുകയും ഉറമ്പുകൾ നിറയുകയും ചെയ്തതോടെ സംശയം തോന്നിയ മൽസ്യത്തൊഴിലാളികൾ വിവരം പുറത്തറിയിക്കുകയായിരുന്നു.

സംഭവം വാർത്തയായതോടെ പോലീസ് സ്ഥലത്തെത്തി വീപ്പ പൊട്ടിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടത്. ശരീരഭാഗങ്ങൾ പൂർണമായും ദ്രവിച്ചു കഴിഞ്ഞ മൃതദേഹത്തിൽ മുടിയും ഏതാനും അസ്ഥികളും മാത്രമേ അവശേഷിക്കുന്നുള്ളൂ. 

കൊലപാതകത്തിനുശേഷം മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ഇട്ട് അടയ്ക്കുകയും പിന്നീട് അതിനു മുകളിൽ ഇഷ്ടിക നിറയ്ക്കുകയും ചെയ്തതാണെന്ന് സംശയിക്കുന്നു. 

മുൻപ് നെട്ടൂരിൽ കായലിൽ നിന്നുതന്നെ ചാക്കിൽ കെട്ടിയ നിലയിൽ ഒരു പുരുഷന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ഈ സംഭവത്തിൽ ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ല. ഇതിനു പിന്നാലെയാണ് വീപ്പയ്ക്കുള്ളിൽ കോൺക്രീറ്റ് നിറച്ച് മറച്ച നിലയിൽ മൃതദേഹ ഭാഗങ്ങൾ ലഭിച്ചിരിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.